തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള പൊതുതിരഞ്ഞെടുപ്പിലേയ്ക്ക് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രവർത്തനം സുഗമവും കാര്യക്ഷമവും ആക്കുന്ന ഇ-ഡ്രോപ്പ് (ഇലക്‌ട്രോണിക്കലി ഡിപ്ലോയിംഗ് റാൻഡംലി ഓഫീസേഴ്‌സ് ഫോർ പോളിംഗ്) സോഫ്റ്റ് വെയറിന്റെ ഉദ്യോഗസ്ഥർക്കായുള്ള പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ എന്നിവർക്കായുള്ള ഓൺലൈൻ പരിശീലന പരിപാടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു.
വെബ് അധിഷ്ഠിത സോഫ്റ്റ് വെയറിന്റെ സഹായത്തോടെ സർക്കാർ ജീവനക്കാരുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഡാറ്റാ പൂൾ ഉണ്ടാക്കി അതിൽ നിന്നും റാൻഡമൈസേഷൻ നടത്തി നിഷ്പക്ഷവും സുതാര്യവുമായി പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന സംവിധാനമാണ് ഇ-ഡ്രോപ്പ്. നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ സാങ്കേതിക സഹായത്തോടെയാണ് കമ്മീഷൻ ഇ-ഡ്രോപ്പ് നടപ്പിലാക്കി വരുന്നത്.
ഏകദേശം രണ്ടേകാൽ ലക്ഷത്തോളം പോളിംഗ് ഉദ്യോഗസ്ഥരാണ് ഇത്തവണ ഇലക്ഷൻ ഡ്യൂട്ടിക്ക് ഉണ്ടാകുക. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിക്കുളളിലുളള സർക്കാർ, അർദ്ധ സർക്കാർ, ഗവൺമെന്റ് അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നും ജീവനക്കാരുടെ വിശദാംശങ്ങൾ ഇ-ഡ്രോപ്പിൽ സ്ഥാപന മേധാവികൾ രേഖപ്പെടുത്തും. വിശദാംശങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറി പരിശോധന നടത്തി അവ ഫ്രീസ് ചെയ്ത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കുന്നു. അവ വീണ്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർ സൂക്ഷ്മ പരിശോധന നടത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച ദിവസം റാൻഡമൈസേഷൻ നടത്തി പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുന്നതാണ് ഇ-ഡ്രോപ്പിന്റെ പ്രവർത്തനം.
റാൻഡമൈസേഷൻ രണ്ടു ഘട്ടമായി ആണ് നടത്തുന്നത്. ആദ്യ ഘട്ടത്തിൽ പോളിംഗ് ഉദ്യോഗസ്ഥൻമാരെ നിയമിച്ചുകൊണ്ടുളള പോസ്റ്റിംഗ് ഓർഡറുകൾ പുറപ്പെടുവിക്കുന്നു. പോസ്റ്റിംഗ് ഓർഡറിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർ ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയ്ക്കാണ് നിയമിക്കപ്പെട്ടിട്ടുളളതെന്നും അവർക്കുള്ള ഇ.വി.എമ്മുകളുടെ പരിശീലനം സംബന്ധിച്ചുമുള്ള വിശദാംശങ്ങളും അതിൽ ഉണ്ടായിരിക്കും.
രണ്ടാം ഘട്ട റാൻഡമൈസേഷൻ പോളിംഗ് ദിവസത്തിന്റെ രണ്ടു ദിവസം മുമ്പെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നടത്തുന്നു. അതുവഴി പോളിംഗ് ഉദ്യോഗസ്ഥർക്ക് അവർ നിയമിക്കപ്പെട്ടിട്ടുളള പോളിംഗ് സ്റ്റേഷന്റെ വിശദാംശങ്ങൾ ലഭ്യമാകുന്നു. ഇലക്ഷൻ സാധന സാമഗ്രികൾ ശേഖരിക്കുവാൻ വരുന്ന സമയത്ത് (പോളിംഗിന്റെ തലേ ദിവസം) ഇക്കാര്യം പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കുന്നു. കൂടാതെ എസ്എംഎസ് മുഖാന്തിരം പ്രസ്തുത വിവരങ്ങൾ പോളിംഗ് ഉദ്യോഗസ്ഥർക്ക് ലഭ്യമാകും.
വൺ ടൈം പാസ് വേർഡ് (ഒ.ടി.പി) മുഖാന്തിരം സ്ഥാപനം/സ്റ്റാഫ് എന്നിവരുടെ വിശദാംശങ്ങൾ നേരിട്ട് www.edrop.gov.in എന്ന വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുവാനും പോസ്റ്റിംഗ് ഓർഡർ, നിയോഗിച്ചിരിക്കുന്ന പോളിംഗ് സ്റ്റേഷന്റെ വിശദാംശങ്ങൾ തുടങ്ങിയവ മേൽ വെബ് സൈറ്റിൽ നിന്നും സ്ഥാപനമേധാവി/പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കു തന്നെ ഡൗൺലോഡ് ചെയ്യാനുളള സൗകര്യവും, കോവിഡ്-19-യുടെ പശ്ചാത്തലത്തിൽ, ഇത്തവണ അധികമായി ഒരുക്കിയിട്ടുണ്ട്.
2015-ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പ്, 2017-ലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലേയ്ക്കുളള പൊതുതിരഞ്ഞെടുപ്പ് എന്നിവയിൽ ഇ-ഡ്രോപ്പ് സംവിധാനം വിജയകരമായി നടപ്പിലാക്കിയിരുന്നു.
ഉദ്യോഗസ്ഥൻമാരുടെ വിശദാംശങ്ങൾ, ഇ-ഡ്രോപ്പ് സോഫ്റ്റ്‌വെയറിൽ സ്ഥാപനങ്ങളുടെ മേധാവി 16.11.2020 മുതൽ 21.11.2020 തീയതിക്കകം ചേർക്കേണ്ടതാണ്. ഇപ്രകാരം ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതാണ്.
ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ സംബന്ധിച്ച സൂക്ഷ്മപരിശോധന 26/11/2020നു മുമ്പായി ജില്ലാതല ഉദ്യോഗസ്ഥർ പൂർത്തീകരിക്കേണ്ടതാണ്.
26/11/2020ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഒന്നാംഘട്ട റാൻഡമൈസേഷൻ നടത്തി പോസ്റ്റിംഗ് ഓർഡർ പുറപ്പെടുവിക്കേണ്ടതാണ്.
പ്രിസൈഡിംഗ് ഓഫീസർ, ഒന്നാം പോളിംഗ് ഓഫീസർ എന്നിവർക്ക് (റിസർവ്വ് ഉൾപ്പെടെ) ഇ.വി.എം കൈകാര്യം ചെയ്യുന്നത് ഉൾപ്പെടെയുളള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച ട്രെയിനിംഗ് 30/11/2020ന് നടത്തേണ്ടതാണ്. പ്രസ്തുത ട്രെയിനിംഗിന് ഹാജരാകേണ്ട കേന്ദ്രങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പോസ്റ്റിംഗ് ഓർഡറിൽ ഉണ്ടായിരിക്കും.
ആദ്യഘട്ട ട്രെയിനിംഗ് ക്ലാസ്സുകളിൽ ഹാജരാകുവാൻ സാധിക്കാത്തവർക്കും റീ പോസ്റ്റിംഗ് ഓർഡർ ലഭിച്ചവർക്കുളള അന്തിമ ഘട്ട ട്രെയിനിംഗ് 04/12/2020ന് നടക്കും.
ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിൽ എങ്ങനെയാണ് എൻട്രി വരുത്തുക എന്നുള്ളതും മറ്റുമുളള സാങ്കേതിക കാര്യങ്ങൾ എൻ.ഐ.സി ഉദ്യോഗസ്ഥൻ ഈ ക്ലാസ്സിൽ വിശദീകരിക്കും.