തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും യോഗം ചേരുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പൊലീസിന് സാധ്യമാകുന്ന വിധത്തില്‍ യോഗം നടത്തുന്ന സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ സ്ഥലത്തെ അധികാരികളെ മുന്‍കൂട്ടി അറിയിക്കണം.

1. മറ്റു കക്ഷികളുടെ യോഗങ്ങളും ജാഥകളും തങ്ങളുടെ അനുയായികള്‍ തടസ്സപ്പെടുത്തുകയോ അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യില്ലെന്ന് കക്ഷികളും സ്ഥാനാര്‍ത്ഥികളും ഉറപ്പു വരുത്തണം. ആവശ്യ ഘട്ടങ്ങളില്‍ പൊലീസ് സഹായം തേടാം.

2. ഒരു കക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത്കൂടി മറ്റൊരു കക്ഷി ജാഥ നടത്താന്‍ പാടില്ല. ഒരു കക്ഷിയുടെ ചുമര്‍ പരസ്യങ്ങള്‍ മറ്റ് കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്.

3. യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള നിരോധനാജ്ഞയോ നിയന്ത്രണ ഉത്തരവോ പ്രാബല്യത്തിലില്ലെന്ന് ഉറപ്പാക്കണം. ഏതെങ്കിലും നിയന്ത്രണ ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അത് കര്‍ശനമായി പാലിക്കണം. ഇവയില്‍ നിന്നും ഒഴിവാക്കപ്പെടണമെങ്കില്‍ ബന്ധപ്പെട്ട അധികാരികളെ മുന്‍കൂട്ടി അറിയിച്ച് അനുമതി തേടേണ്ടതാണ്.

4. തെരഞ്ഞെടുപ്പ് ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും സംബന്ധിച്ച് 1994 ലെ പഞ്ചായത്ത് രാജ് ആക്ടിലെ 124 ാം വകുപ്പിലെയും 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 148ാം വകുപ്പിലേയും വ്യവസ്ഥകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാല ഉടമസ്ഥരും പാലിക്കേണ്ടതാണ്.

5. ലഘു ലേഖകളുടേയും പോസ്റ്ററുകളുടേയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റേയും പ്രസാധകന്റേയും പേരും വിലാസവും നല്‍കണം.

6. തെരഞ്ഞെടുപ്പ് പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളതും ഉയര്‍ത്തിയിട്ടുള്ളതും സംബന്ധിച്ച വിവരങ്ങള്‍ വരണാധികാരിയെ നിശ്ചിത ഫോറത്തില്‍ അറിയിക്കേണ്ടതാണ്.

7. പരസ്യങ്ങളില്‍ അപകീര്‍ത്തി പ്രചാരങ്ങള്‍ പാടില്ല.

8. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങി വിവിധ മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നത് നിയമാനുസൃതമാണ്. അപകീര്‍ത്തി പ്രചരണങ്ങള്‍ പാടില്ല.

9. പൊതു യോഗങ്ങള്‍ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ അതിന് പ്രവര്‍ത്തിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ 10000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

10. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.

11. വാഹനങ്ങളില്‍ ഉച്ചഭാഷിണി ഘടിപ്പിച്ച പ്രചരണങ്ങള്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങള്‍ പാലിക്കണം

12. വാഹനങ്ങളില്‍ ഉച്ചഭാഷിണി ഘടിപ്പിച്ചോ മറ്റ് മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടും നിയമവും കര്‍ശനമായി പാലിക്കണം. ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ആവശ്യമായ അനുമതി നേടിയ ശേഷം മാത്രമേ വാഹനങ്ങളില്‍ രൂപമാറ്റം നടത്തുവാന്‍ പാടുള്ളൂ.

13. വോട്ടെടുപ്പ് ദിവസം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ അധികാരികളുമായി സഹകരിക്കണം. പെര്‍മിറ്റ് വാങ്ങി അതാത് വാഹനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്.