എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നടത്തുന്ന പ്രചാരണ പരിപാടികള്‍ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനായി ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ നിലവില്‍ താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ വരണാധികാരികളും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമാണോ എന്ന് പരിശോധിക്കും.

നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്മെന്റ്, മീറ്റിംഗുകള്‍, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ പരിപാടികള്‍ എന്നിവയെല്ലാം നിയമാനുസൃതമാണോ എന്ന് പരിശോധിക്കുകയാണ് സ്ക്വാഡിൻറെ പ്രധാന ചുമതല. നിയമപരമല്ലാത്ത പ്രചാരണ പരിപാടികള്‍ നിര്‍ത്തി വയ്പ്പിക്കുകകയും പോസ്റ്ററുകളോ ബോര്‍ഡുകളോ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകകയും ചെയ്യും.

നിര്‍ദ്ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീ കരിച്ച ശേഷം ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കി വിവരം നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടികളും സ്വീകരിക്കും. പ്രചരണ പരിപാടികള്‍ ഹരിത പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നുണ്ടോ എന്നും സ്ക്വാഡ് പരിശോധിക്കും.