ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ രോഗപ്രതിരോധത്തിനായി ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ .

ഭവന സന്ദര്‍ശന സംഘത്തില്‍ പരമാവധി അഞ്ച്പേര്‍ മാത്രമേ പാടുള്ളൂ. വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരോടൊപ്പം ഒരു കാരണവശാലും ഇടപഴകരുത്. ആലിംഗനം, ഹസ്തദാനം, അനുഗ്രഹം വാങ്ങല്‍, ദേഹത്ത് സ്പര്‍ശിക്കുക, കുട്ടികളെ എടുക്കുക എന്നിവ ഒഴിവാക്കുക. വീടുകള്‍ക്കുള്ളില്‍ പ്രവേശിക്കാതെ രണ്ട് മീറ്റര്‍ അകലം പാലിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുക. എല്ലാ അംഗങ്ങളും മുക്കൂം, വായും മൂടുംവിധം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തരുത്. വിതരണത്തിനുള്ള നോട്ടീസുകളും ലഘു ലേഖകളും പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുക. കൈകള്‍ ഇടയ്ക്കിടയ്ക്ക് സാനിട്ടൈസ് ചെയ്യണം. സ്ഥാനാര്‍ത്ഥി കോവിഡ് പോസിറ്റീവ് ആയാല്‍ പ്രചാരണത്തില്‍ നിന്നും പിന്‍മാറി ക്വാറന്റൈന്‍ സ്വീകരിക്കുക. ഫോണ്‍/സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി വോട്ട് അഭ്യര്‍ത്ഥിക്കുക. കോവിഡ് പോസിറ്റീവ് രോഗികള്‍, ക്വാറന്റൈനില്‍ തുടരുന്നവര്‍ എന്നിവരുടെ വീടുകളില്‍ പോകാതെ ഫോണ്‍/സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി വോട്ട് അഭ്യര്‍ത്ഥിക്കുക. പൊതുയോഗങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിച്ച് രണ്ട് മീറ്റര്‍ അകലം പാലിച്ചിരിക്കണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ പ്രചാരണത്തിന് ഇറങ്ങരുത്.

പ്രചാരണ ശേഷം വീട്ടില്‍ മടങ്ങി എത്തിയാല്‍ ഉടന്‍ വസ്ത്രങ്ങള്‍ സോപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കണം. കുളിച്ച് വൃത്തിയായതിനു ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക. മാസ്‌ക്, സാനിട്ടൈസര്‍, ശാരീരിക അകലം പാലിക്കല്‍ തുടങ്ങി കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം. ഹാരം, ബൊക്കൈ, നോട്ട്മാല, ഷോള്‍ തുടങ്ങിയവ സ്വീകരണ പരിപാടിയില്‍ നിന്നും ഒഴിവാക്കണം.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ 

പ്രചാരണ സംഘങ്ങളില്‍ നിന്നും ആരും വീടിനുള്ളില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണം. രണ്ട് മീറ്റര്‍ അകലം പാലിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുന്നവരോട് സംസാരിക്കുക. മൂക്കും, വായും മൂടുംവിധം മാസ്‌ക് ധരിച്ചിരിക്കണം. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തരുത്.

ഹസ്തദാനം, ആലിംഗനം, കുട്ടികളെ എടുക്കുക, ദേഹത്ത് സ്പര്‍ശിക്കുക, കിടപ്പ് രോഗികളുടെ സമീപം പോകുക ഇവയൊന്നും അുവദിക്കരുത്. നോട്ടീസ് ലഘുലേഖ ഇവ വാങ്ങിയതിനു ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം, വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ എടുക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരോടൊപ്പം ഇടപഴകാന്‍ അനുവദിക്കരുത്. പനി, ചുമ, തൊണ്ടവേദന തുടങ്ങി ഏതെങ്കിലും രോഗലക്ഷണം ഉള്ളവര്‍ സന്ദര്‍ശനത്തിന് എത്തുന്നവരെ കാണരുത്. പൊതുയോഗങ്ങളില്‍ മാസ്‌ക് ധരിച്ച് രണ്ട് മീറ്റര്‍ അകലം ഉറപ്പാക്കി മാത്രം പങ്കെടുക്കുക. പ്രായമായവര്‍ പങ്കെടുക്കരുത്. കുട്ടികളെ കൊണ്ടുപോകരുത്. കൈകള്‍ ഇടക്കിടെ സാനിട്ടൈസ് ചെയ്യണം.