അംഗങ്ങള്‍ അധികാരമേറ്റു;
ചടങ്ങ് കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്
ജില്ലാ പഞ്ചായത്തിലേക്കും തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ജില്ലാ പഞ്ചായത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ വെള്ളനാട് ഡിവിഷനില്‍ നിന്നും വിജയിച്ച യു.ഡി.എഫ് അംഗം ശശിധരന് നായര്‍ക്ക് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അദ്ദേഹം മറ്റുള്ള 25 അംഗങ്ങളെക്കൊണ്ട് സത്യവാചകം ചൊല്ലിച്ചു. ശേഷം ആദ്യ കൗണ്‍സില്‍ യോഗം അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ജില്ലാ കളക്ടറുടെ നോട്ടീസ് എല്ലാ അംഗങ്ങള്‍ക്കും നല്കി.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഏറ്റവും മുതിര്‍ന്ന അംഗമായ പാല്‍കുളങ്ങര വാര്‍ഡില്‍ നിന്നും വിജയിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി. അശോക് കുമാറിന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റുള്ള 99 അംഗങ്ങള്‍ക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുത്തു. കോവിഡ് ബാധിതനായതിനാല്‍ കുടപ്പനക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ എസ് ജയചന്ദ്രന് മറ്റെല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് സത്യപ്രതിജ്ഞയ്ക്കെത്തിയത്. പി.പി.ഇ കിറ്റ് ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പാലിച്ചാണ് അദ്ദേഹം എത്തിയത്. സത്യപ്രതിജ്ഞയ്ക്കു ശേഷം മുതിര്‍ന്ന അംഗമായ പി. അശോക് കുമാറിന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്ന് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പ് സമാധാനപരമായും കൃത്യമായും നടത്താന്‍ സഹകരിച്ച എല്ലാ അംഗങ്ങളെയും മറ്റു ബന്ധപ്പെട്ടവരെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് കൂടുതല്‍ കരുത്തേകാന്‍ കോര്‍പ്പറേഷന്റെ പുതിയ ഭരണസമിതിക്ക് കഴിയട്ടെയെന്ന് കളക്ടര്‍ ആശംസിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഉപ വരണാധികാരി കൂടിയായ എ.ഡി.എം വി.ആര് വിനോദും കോര്‍പ്പറേഷനില്‍ നടന്ന ചടങ്ങില്‍ സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടിയും സംബന്ധിച്ചു.