ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി 2017ല്‍ വൈദ്യുതിയില്ലാത്ത 19724 വീടുകള്‍ക്ക് കണക്ഷന്‍ നല്‍കി. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍ 5193ഉം പട്ടികവര്‍ഗ വിഭാഗത്തില്‍ 1012ഉം ജനറല്‍ വിഭാഗത്തില്‍ 13519 ഉം കണക്ഷനുകളാണ് നല്‍കിയത്. ഇതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയ ജില്ലയായി പാലക്കാട്. ഈ പദ്ധതി വിജയകരമായി പൂര്‍ത്തികരിച്ചതിന് 17.08 കോടി രൂപ ചെലവായതായി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എ. കെ. രവീന്ദ്രന്‍ അറിയിച്ചു.
റീസ്ട്രക്‌ച്ചേഡ് ആക്‌സിലറേറ്റഡ് പവര്‍ ഡെവലപ്പമെന്റ് ആന്‍ഡ് റിഫോംസ് പ്രോഗ്രാം (ആര്‍എപിഡിആര്‍പി) പദ്ധതിയില്‍ ഒലവക്കോട് 33 കെവി സബ് സ്റ്റേഷന്‍, 5എംവിഎ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. വരും വര്‍ഷം 110 കെവി കൊല്ലങ്കോട് സബ്‌സ്‌റ്റേഷനും 110 കെവി വടക്കഞ്ചേരി സബ്‌സ്‌റ്റേഷനും സംയോജിപ്പിക്കുന്ന 32 കോടിയുടെ പദ്ധതിയായ 37 കിലോമീറ്റര്‍ ഡബിള്‍ സര്‍ക്ക്യൂട്ട് ലൈനും സ്ഥാപിക്കാനും വിതരണ മേഖലയില്‍ 73.41 കോടിയുടെ പദ്ധതി 2018-19ലേക്ക് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി ഷൊര്‍ണൂരും പാലക്കാടും പ്രത്യേക പ്രൊജക്ട് മാനെജ്‌മെന്റ് യൂനിറ്റുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, എംഎല്‍എ ഫണ്ട്, എസ്.സി ഫണ്ട്, കെഎസ്ഇബി തനതു ഫണ്ട് എന്നിവ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പറമ്പിക്കുളം ഒറവമ്പാടി, കച്ചിത്തോട്, കരിയാര്‍കുറ്റി, തേക്കടി, മുപ്പതേക്കര്‍, തേക്കടി അല്ലിമൂപ്പന്‍ ആദിവാസി കോളനികളില്‍ കഴിഞ്ഞ വര്‍ഷം തന്നെ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കിയിരുന്നു. പ്രസരണ മേഖല ശക്തിപ്പെടുത്തുന്നതിനായി ഒമ്പത് കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കൊല്ലങ്കോട് 110 കെ.വി. സബ്‌സ്റ്റേഷന്‍ പരിസരത്ത് ഒരു മെഗാ വാട്ട് സൗരോര്‍ജ പദ്ധതി പൂര്‍ത്തീകരിച്ചു. ഷൊര്‍ണൂരും പാലക്കാടും 220 കെ.വി.സബ് സ്റ്റേഷന്‍ നവീകരണ പദ്ധതി നടപ്പിലാക്കി. കണ്ണമ്പുള്ളിയില്‍ നിലവിലുള്ള നാല് എം.വി.എ. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി 6.3 എം.വി.എ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയും ചെയ്തു.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജോതി യോജന (ഡി.ഡി.യു.ജി.ജെ.വൈ)യില്‍ ഉള്‍പ്പെടുത്തി ഈ കാലയളവില്‍ 18331 വൈദ്യുതി കണക്ഷനുകള്‍ ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് നല്‍കി. പദ്ധതിപ്രകാരം ഏകദേശം 24 കോടിയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
