കാസര്‍ഗോഡ്:  വികസനത്തിന് പുതിയ മാനങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പുതുതായി അധികാരമേറ്റ ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാരുടെയും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലയില്‍ നടപ്പിലാക്കി വരുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ വിവിധ പദ്ധതികള്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു വിശദീകരിച്ചു.

ജില്ല ഒരിക്കലും പിന്നോക്കമാകില്ല

കാസര്‍കോട് ജില്ലയില്‍ ജനസാന്ദ്രത കുറവാണ്. എന്നാല്‍ ഇവിടെ വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ പിന്നാക്കാവസ്ഥ ഉണ്ടാകില്ല.കൃഷിയ്ക്കായി കൃഷിയുക്തമായ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. ജില്ലയുടെ 52, 700 ഏക്കര്‍ ഭൂമി ചെങ്കല്‍ പ്രദേശമാണ്. പദ്ധതി നടപ്പാക്കുന്നതില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പോകാന്‍ തയ്യാറായാല്‍ വികസന സാധ്യതകള്‍ ഏറെയാണ്.
മടിക്കൈയില്‍ അടുത്ത 60 ദിവസത്തിനുള്ളില്‍ 100 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ആനന്ദ് മാതൃകയില്‍ വിപുലമായ പദ്ധതിയ്ക്ക് രൂപം നല്‍കും. ആദ്യ ഘട്ടത്തില്‍ 1000 പേര്‍ക്ക് നേരിട്ട് തൊഴിലവസരമുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജലസംരക്ഷണവും മണ്ണ് സംരക്ഷണവും ലക്ഷ്യമിട്ട് കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ മുന്ന് ലക്ഷം മുളംതെകള്‍ ഇതിനകം നട്ടു. ഇനി ഏഴു ലക്ഷം മുളം തൈകള്‍ നടുകയാണ് ലക്ഷ്യം.ജില്ലയിലെ 12 നദികളില്‍ നിന്നും മറ്റു ജലാശയങ്ങളില്‍ നിന്നുമായി പ്രതി വര്‍ഷം 52000 കോടി രൂപയുടെ വെള്ളം ഒഴുകി നഷ്ടപ്പെടുന്നുവെന്നാണ് ഏകദേശ കണക്ക്. ജലസംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കണം. ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പഞ്ചായത്തുകളില്‍ ശേഷം കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് വഴി വെള്ളം വിതരണം ചെയ്യേണ്ടി വന്നിട്ടില്ല.

ജലസമൃദ്ധമായ പഞ്ചായത്തും മുന്‍സിപാലിറ്റികളുമാണ് വികസനത്തിന്റെ സൂചകം. കാസര്‍കോട്. മഞ്ചേശ്വരം. ബ്ലോക്കുകളില്‍ അവശേഷിക്കുന്നത് 2.2 ശതമാനം ഭൂഗര്‍ഭജലം മാതമാണ്. നിലവിലുള്ള വെള്ളം സംരക്ഷിക്കാന്‍ നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യണം. പ്രതിവര്‍ഷം ജില്ലയില്‍ ലഭ്യമാകുന്ന മഴവെള്ളം സംരക്ഷിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണം.
3.2 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള പള്ളം ബദിയടുക്ക നീര്‍ച്ചാലില്‍ വികസിപ്പിച്ചു. പുത്തിഗെ – അനാഡി പള്ളം നിര്‍മിച്ചു.

ജില്ലയില്‍ 418 കുളങ്ങള്‍ ഉണ്ടാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ റൂം ഫോര്‍ റിവേര്‍സ് പദ്ധതിയിലൂടെ പദ്ധതികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയിലൂടെ ജില്ലയിലെ പള്ളങ്ങള്‍ വികസിപ്പിച്ച് കുളങ്ങളാക്കും. ഇതില്‍ 28 എണ്ണത്തിന് ഭരണാനുമതിയായി. നാല് ബ്ലോക്കുകളില്‍ 75 വീതം തുറന്ന കിണറുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിക്കും. ഇനിയുള്ള ഒരാഴ്ച ഗ്രാമ പഞ്ചായത്തുകള്‍ തടയണകള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, സാമൂഹിക സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നതാണ് ജില്ലാ ഭരണ സംവിധാനത്തിന്റെ കാഴ്ചപ്പാട്. കഴിഞ്ഞ വര്‍ഷം 3100 ഏക്കര്‍ ഭൂമിയില്‍ പുതിയതായി കൃഷി ചെയ്തു.

ഓരോ ബ്ലോക്കിലും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയും പെരിയയില്‍ ഹോള്‍സൈയില്‍ മാര്‍ക്കറ്റും ആരംഭിക്കും. ഇന്ത്യയില്‍ ആദ്യമായി എല്ലാ അങ്കണവാടികള്‍ക്കും ഭൂമിയുള്ള ജില്ലയായി കാസര്‍കോട് ഉടന്‍ മാറും. എല്ലാ അങ്കണവാടികളും ഹൈടെക്കാക്കി മാറ്റാനുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.100 കോടി മുതല്‍ മുടക്കില്‍ ചീമേനിയില്‍ ഇന്‍ഡസ്ട്രീയല്‍ ക്ലസ്റ്റര്‍ ആരംഭിക്കും. കല്ലുമ്മകായ, അടക്ക, കശുമാങ്ങ സംസ്‌ക്കരണ വ്യവസായ പദ്ധതികള്‍ ആരംഭിക്കും.
ടൂറിസം മേഖലയിലെ സാധ്യതതകള്‍ പരിഗണിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണം.

ഭിന്നശേഷി ക്കാര്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ വി ഡിസേര്‍വ് പദ്ധതി തുടരും. ചെമ്മനാട് പഞ്ചായത്തില്‍ 400 മീറ്റര്‍ സ്റ്റേഡിയം, കാസര്‍കോട് മുന്‍സിപ്പാലിറ്റി സ്റ്റേഡിയത്തിന് സമീപം സ്വിമ്മിങ് പൂള്‍ എന്നിവ തുടങ്ങും കുമ്പള കൊടിയമ്മ കബഡി അക്കാദമി യാഥാര്‍ത്ഥ്യമാക്കും.
ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കണം. പി എസ് സി വഴി കൂടുതല്‍ കാസര്‍കോട് ജില്ലക്കാര്‍ ജോലി നേടണമെന്നും കളക്ടര്‍ പറഞ്ഞു.ജില്ലയുടെ പിന്നാക്കാവസ്ഥയുടെ കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കാസര്‍കോട് വികസന പാക്കേജ് വിപുലവും സമഗ്രവുമാണ്. പ്രാദേശിക സര്‍ക്കാരുകള്‍ പ്രൊജക്ടുകള്‍ രൂപീകരിക്കുമ്പോള്‍ സ്വീകരിക്കേണ്ട സമീപനം സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അഗ്രികള്‍ച്ചര്‍ ഹെഡ് നാഗേഷ് വിശദീകരിച്ചു.

തൊഴില്‍ സാധ്യതകളുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ മാതൃകാപരമായി നടപ്പാക്കി വരുന്ന സുഭിക്ഷ കേരളം തുടരണം. തരിശ് നിലങ്ങളില്‍ പൂര്‍ണമായും കൃഷി ചെയ്യണം.കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി സംയോജിപ്പിച്ച് നടപ്പാക്കാവുന്നവ, പ്രാഥമിക സഹകരണസംഘങ്ങളേയും സാമ്പത്തിക സ്ഥാപനങ്ങളേയും സംയോജിപ്പിച്ച് ആവിഷ്‌ക്കരിക്കാനുന്ന പദ്ധതികള്‍ രൂപം നല്‍കണം. പ്രൊജക്ടുകളെല്ലാം ജിയോടാഗ് (ഗൂഗിള്‍ മാപ്പ്) ചെയ്യണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.