പാലക്കാട്:  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില് രജിസ്റ്റര് ചെയ്തിട്ടും തൊഴില് ലഭിക്കാത്ത മുതിര്ന്ന പൗരന്മാര്ക്കായി ആരംഭിച്ച നവജീവന് സ്വയം തൊഴില് പദ്ധതിയിലേക്ക് അപേക്ഷിക്കാം. 50-65 പ്രായപരിധിയിലുള്ളവര്ക്ക് സ്വയം തൊഴില് സംരംഭങ്ങള്ക്കായി പദ്ധതിയനുസരിച്ച് വായ്പാ ധനസഹായം അനുവദിക്കും. അര്ഹരായവര്ക്ക് സ്വയം തൊഴില് സംരംഭങ്ങളില് ഏര്പ്പെടുന്നതിനായി സബ്സിഡിയോടെ 50,000/ രൂപ വായ്പ ലഭ്യമാക്കും.
ദേശസാല്കൃത ഷെഡ്യുള്ഡ് ബാങ്കുകള്, ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്, കെ.എസ്.എഫ്.ഇ, മറ്റു ധനകാര്യ സ്ഥാപനങ്ങള് എന്നിവ മുഖേനയാണ് സ്വയംതൊഴില് വായ്പ ലഭ്യമാക്കുക.അപേക്ഷകര്ക്ക് നിലവില് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് രജിസ്ട്രേഷന് ഉണ്ടായിരിക്കണം.അപേക്ഷ സമര്പ്പിക്കുന്ന വര്ഷത്തിലെ ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുക.വ്യക്തിഗത വാര്ഷിക വരുമാനം ഒരു ലക്ഷം രൂപയില് കവിയരുത്. യഥാസമയം രജിസ്ട്രേഷന് പുതുക്കിയവര്ക്ക് മുന്ഗണന ലഭിക്കും. ബാങ്ക് വായ്പയുടെ 25 ശതമാനം സബ്സിഡി അനുവദിക്കും.പരമാവധി സബ്സിഡി 12,500/ രൂപ.
കാറ്ററിംഗ്, പലചരക്ക് കട, വസ്ത്രം-റെഡിമെയ്ഡ് ഷോപ്പ്, കുട നിര്മ്മാണം, ഓട്ടോമൊബൈല് സ്പെയര് പാര്ട്സ് ഷോപ്പ് മെഴുകുതിരി നിര്മ്മാണം, സോപ്പ് നിര്മ്മാണം, ഡി.ടി.പി, തയ്യല് കട, ഇന്റര്നെറ്റ് കഫേ തുടങ്ങിയവയും പ്രാദേശികമായി വിജയസാധ്യതയുള്ള സംരംഭങ്ങളും ആരംഭിക്കാം. വ്യക്തിഗത സംരംഭങ്ങള്ക്ക് മുന്ഗണന. സംയുക്ത സംരംഭങ്ങളും ആരംഭിക്കാവുന്നതാണ്. അപേക്ഷകള് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് നിന്നും www.employmentkerala.gov.in ലും ലഭിക്കും.