മലപ്പുറം:‍സംസ്ഥാനങ്ങളില് നിന്നെത്തി വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതിയാണ് കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി. ചികിത്സാ ധനസഹായം, അപകട ചികിത്സാ ധനസഹായം, മക്കള്‍ക്കുള്ള വിദ്യാഭ്യാസ ഗ്രാന്‍ഡ്, മരണാനന്തര ആനുകൂല്യം തുടങ്ങി വിവിധങ്ങളായ സഹായം രാജ്യത്തിന് തന്നെ മാതൃകയായ ഈ പദ്ധതിയിലൂടെ അതിഥി തൊഴിലാളികള്‍ക്ക് ലഭ്യമാകും.

സ്വന്തം നിലയിലോ, കരാറുകാരുടെ കീഴിലോ തൊഴിലെടുക്കുന്ന 18 നും 60 വയസിനുമിടയില്‍ പ്രായമുള്ള അതിഥി തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. ഈ വിഭാഗം തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുന്ന ഓരോ തൊഴിലുടമയും കരാറുകാരും തൊഴിലാളികള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബോര്‍ഡിന്റെ 14 ജില്ലാ ഓഫീസുകളിലും അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനും ക്ഷേമ പരിപാടികളും നടപ്പിലാക്കി വരുന്നു.

തൊഴിലും വയസ്സും തെളിയിക്കുന്ന രേഖകളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും സഹിതം ബന്ധപ്പെട്ട ജില്ലാ കാര്യാലയങ്ങളിലാണ് ക്ഷേമ പദ്ധതിയില്‍ അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പരിശോധന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ലഭ്യമാക്കണം. രജിസ്ട്രേഷന്‍ പുതുക്കലിനുള്ള 30 രൂപ മാത്രമാണ് ഗുണഭോക്താക്കള്‍ പ്രതിവര്‍ഷം അടക്കേണ്ടത്.

കേരള കുടിയേറ്റത്തൊഴിലാളി ക്ഷേമ പദ്ധതിയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍

· അപകട ആശ്വാസ ധനസഹായം: 25,000 രൂപ.
· ചികിത്സാ ധനസഹായം: 25,000 രൂപ.
· ടെര്‍മിനല്‍ ബെനിഫിറ്റ്: 25,000 രൂപ മുതല്‍ 50,000 രൂപ വരെ.
· അംഗത്തിന്റെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്‍ഡ്: 1,000 രൂപ മുതല്‍ 3,000 രൂപ വരെ.
· മരണാനന്തര ആനുകൂല്യം: സാധാരണ മരണത്തിന് 25,000 രൂപ, അപകട മരണത്തിന് രണ്ട് ലക്ഷം രൂപ വരെ.
· മൃതദേഹം നാട്ടിലെത്തിക്കാന്‍: യഥാര്‍ഥത്തില്‍ ചെലവായ തുകയോ പരമാവധി 50,000 രൂപ വരെയും അനുവദിക്കും (ഏതാണ് കുറവ് അതാണ് പരിഗണിക്കുക).