തിരുവനന്തപുരം: സംസ്ഥാന പുരാരേഖാ വകുപ്പ് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ നിർമിക്കുന്ന ഇന്റർനാഷണൽ ആർക്കൈവ്‌സ് ആൻഡ് ഹെറിറ്റേജ് സെന്റർ സംസ്ഥാനത്തെ പുരാരേഖകളുടെ സംരക്ഷണത്തിനു പുതിയ മുഖം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റർ പ്രവർത്തന സജ്ജമാകുന്നതോടെ പുരാരേഖ പഠന – ഗവേഷണം കൂടുതൽ ശാസ്ത്രീയമാക്കാനാകുമെന്നും പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു മുഖ്യമന്ത്രി പറഞ്ഞു.
ചരിത്ര വിദ്യാർഥികൾക്കും വിദേശത്തടക്കമുള്ള ഗവേഷകർക്കും പ്രയോജനപ്രദമാകുംവിധമാകും ഇന്റർനാഷണൽ ആർക്കൈവ്‌സ് ആൻഡ് ഹെരിറ്റേജ് സെന്ററിന്റെ നിർമാണം പൂർത്തിയാക്കുകയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. തലമുറകൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ചരിത്ര രേഖകളും പുരാവസ്തുക്കളും സംരക്ഷിക്കപ്പെടുമെന്ന കാഴ്ചപ്പാടാണ് ഈ സംരംഭം ആരംഭിക്കുന്നതിന് അടിസ്ഥാനമായത്. സെന്റർ യാഥാർഥ്യമാകുന്നതോടെ ദേശീയ, അന്തർദേശീയ സെമിനാറുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കാനും ഈ മേഖലയിലെ പുത്തൻ പ്രവണതകൾ സ്വാംശീകരിക്കാനുമാകും.
ലോകത്തെവിടെയും വസ്തുനിഷ്ഠവും സത്യസന്ധവുമായ ചരിത്രരചനയുടെ അടിസ്ഥാന ഘടകമാണു പുരാരേഖകൾ. അവയുടെ സൂക്ഷിപ്പു കേന്ദ്രങ്ങളായ ആർക്കൈവ്‌സുകൾ ചരിത്രകാരന്മാരുടേയും ഗവേഷകരുടേയും ആശ്രയകേന്ദ്രങ്ങളാണ്. അവ ഒരേസമയം അറിവിന്റെ അക്ഷയഖനികളായും നാടിന്റെ സാംസ്‌കാരിക പൈതൃക സ്വത്തുക്കളായുമാണു വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫിസുകളിൽ തീർപ്പാക്കപ്പെടുന്ന ശാശ്വത മൂല്യമുള്ള രേഖകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. അവയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല, മുളക്കരണം, ചെമ്പെഴുത്ത് തുടങ്ങിയ പുരാരേഖകൾ സർക്കാർതലത്തിൽ സൂക്ഷിക്കുന്നുണ്ട്. ഇങ്ങനെ ആർക്കൈവ്‌സിൽ സൂക്ഷിച്ചിട്ടുള്ള ഒരു കോടിയിലേറെ വരുന്ന താളിയോല ഗ്രന്ഥങ്ങൾ ലോകത്തിലെതന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ രേഖാശേഖരമാണ്. ഇതു നമ്മുടെ നാടിന് അഭിമാനം നൽകുന്ന വസ്തുതയാണ്. ഈ സവിശേഷതകൾകൂടി കണക്കിലെടുത്താണു സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ആധുനിക രീതികൾ നടപ്പാക്കുന്നത്.
പ്രളയകാലത്ത് രേഖകളുടെ സംരക്ഷണത്തിനും സൂക്ഷിപ്പിനും ആർക്കൈവ്‌സ് വകുപ്പ് വലിയ സംഭാവനയാണു നൽകിയത്. അപൂർവ രേഖകൾ, വില്ലേജ് ഓഫിസുകളിലെ രേഖകൾ, ബാങ്ക് രേഖകൾ, പുസ്തകങ്ങൾ, ആധാരങ്ങൾ എന്നിവ വീണ്ടെടുത്തു സജ്ജീകരിക്കാൻ വകുപ്പിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. സേവനവും രേഖകളുടെ സംരക്ഷണവും ഉറപ്പാക്കുന്ന കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ വകുപ്പിൽനിന്നുണ്ടാകണം. ആർക്കൈവ്‌സ് വകുപ്പിൽ സംരക്ഷിക്കപ്പെടുന്ന പുരാരേഖകൾ പഠിതാക്കൾക്കും ചരിത്ര ഗവേഷകർക്കും പാഠപുസ്തകങ്ങളാണ്. അവയെല്ലാം ഭൂതകാലത്തിന്റെ അമൂല്യ അടയാളങ്ങളും ഭാവിയിലേക്കുള്ള അറിവിന്റെ വിളംബര സൂചികകളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ അമൂല്യമായ രേഖാസംരക്ഷണം, ചരിത്ര സൂക്ഷിപ്പ് തുടങ്ങിയവയിൽ പുരാരേഖ വകുപ്പ് നവീനമായ നിരവധി പദ്ധതികൽ നടപ്പാക്കിവരികയാണെന്നും ഈ രംഗത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മുൻപ് ഉണ്ടായിട്ടില്ലാത്ത ശ്രദ്ധയാണു സംസ്ഥാന സർക്കാർ നൽകുന്നതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പുരാരേഖ സംരക്ഷണത്തിന് യൂണിവേഴ്‌സിറ്റി ക്യാംപസിൽ കൂടുതൽ സ്ഥലം സജ്ജമാക്കി ഏറ്റവും ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
കേരളത്തിന്റെ വിപുലമായ ആർക്കൈവ് ശേഖരം ഈ കേന്ദ്രത്തിലൂടെ ഗവേഷണ – പഠനത്തിനായി ലഭ്യമാക്കണമെന്നും ഇതിനുള്ള നടപടിയിലേക്ക് ആർക്കൈവ്‌സ് വകുപ്പ് കടക്കണമെന്നും മന്ത്രി പറഞ്ഞു. ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുക എന്നത് നാടിന്റെ സാംസ്‌കാരിക മൂല്യത്തിന്റെ അളവുകോലാണെന്നും വരുന്ന തലമുറയ്ക്കുള്ള ഏറ്റവും വലിയ നിധിയാണെന്നും ചടങ്ങിൽ സംസാരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ ചൂണ്ടിക്കാട്ടി.