കോട്ടയം:  സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍. തന്‍റെ അനുമതിയില്ലാതെ പൈപ്പ് ലൈന്‍ സ്ഥാപിച്ചെന്ന് കാട്ടി കോട്ടയം താലൂക്ക് തല അദാലത്തില്‍ താഴത്തങ്ങാടി വെള്ളാക്കൽ ടി.പി വിജയമ്മ നല്‍കിയ പരാതി പരിഗണിക്കവേയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

തുടര്‍നടപടികള്‍ക്കായി കോട്ടയം തഹസില്‍ദാരെയും ജല അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയറെയും ചുമതലപ്പെടുത്തി.പൈപ്പ് ലൈന്‍ പരാതിക്കാരിയുടെ വസ്തുവിൽ തന്നെയാണോയെന്ന് പരിശോധിക്കും. ഇതിനായി ജനുവരി 19ന് ഭൂമി അളക്കും.

അദാലത്തില്‍ 22 പരാതികള്‍ പരിഗണിച്ചു. പത്തെണ്ണം തീര്‍പ്പാക്കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കളക്ടര്‍ പരാതിക്കാരുമായി സംസാരിച്ചത്. പരാതിക്കാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിരുന്നു.

റോഡ് പുറമ്പോക്ക് കയ്യേറ്റം, കരം അടയ്ക്കൽ, വസ്തു അളവ്,അതിര് നിർണ്ണയിക്കൽ, പോക്കുവരവ്, നടപ്പുവഴി തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു പരാതികള്‍.

എ.ഡി.എം അനിൽ ഉമ്മൻ, തഹസിൽദാർ പി.ജി. രാജേന്ദ്രബാബു , വിവിധ വകുപ്പുകളുടെ മേധാവികൾ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു