എട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ആംബുലന്‍സ് വിതരണം ചെയ്തു

പത്തനംതിട്ട:  ആരോഗ്യരംഗത്ത്  കേരളത്തോടൊപ്പംകോന്നിയും വലിയ കുതിച്ചു ചാട്ടമാണ് ഈ കാലയളവില്‍ നടത്തിയതെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കോന്നി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ആരോഗ്യമേഖലാ ശാക്തീകരണ പദ്ധതിയായ കരുതല്‍ സ്പര്‍ശത്തിന്റെയും, എട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള ആംബുലന്‍സ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണ്. കോന്നി നിയോജക മണ്ഡലത്തില്‍ നിലവിലുള്ള 12 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി ഉത്തരവായിട്ടുണ്ട്.

കോന്നി താലൂക്ക് ആശുപത്രിക്ക് 10 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രവര്‍ത്തനം മുന്നോട്ടു പോകുകയാണ്.ചെറിയ കാലയളവില്‍ ഇത്രയേറെ വികസനം നടത്താന്‍ ജനീഷ് കുമാര്‍ എംഎല്‍എയ്ക്ക് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്. എട്ട് ആംബുലന്‍സ് കോന്നിയുടെ മലയോര മേഖലയില്‍ എത്തിക്കാന്‍ കഴിയുക എന്നത് എടുത്തു പറയേണ്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു.

കോന്നി താലൂക്ക് ആശുപത്രി, ആങ്ങമൂഴി, മലയാലപ്പുഴ, മൈലപ്ര, പ്രമാടം, വള്ളിക്കോട്, കൊക്കാത്തോട്, കൂടല്‍ എന്നീ ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആംബുലന്‍സ് കൈമാറിയത്. മന്ത്രിയില്‍ നിന്നും ആംബുലന്‍സിന്റെ താക്കോല്‍ പഞ്ചായത്ത് പ്രസിഡന്റുമാരും, മെഡിക്കല്‍ ഓഫീസര്‍മാരും ചേര്‍ന്ന് ഏറ്റുവാങ്ങി.