ജൂൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച ‘ഫസ്റ്റ്‌ബെൽ’ ഡിജിറ്റൽ ക്ലാസുകളിൽ ആദ്യം പൂർത്തിയാകുന്നത് പത്താം ക്ലാസ്. ഇതോടെ പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തി മുഴുവൻ ക്ലാസുകളുടേയും സംപ്രേഷണം ഞായറാഴ്ചയോടെ (ജനുവരി 17) പൂർത്തിയാകും. മുഴുവൻ ക്ലാസുകളും അവയുടെ എപ്പിസോഡ് നമ്പറും അധ്യായങ്ങളും ഉൾപ്പെടെ www.firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഇതിനു പുറമെ പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തിൽ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റൽ ക്ലാസുകളാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകൾ തിരിച്ചും സമയദൈർഘ്യം നൽകിയും കുട്ടികൾക്ക് വീണ്ടും എളുപ്പത്തിൽ കാണുന്നതിനായി  പോർട്ടലിൽ പ്രത്യേകം ലഭ്യമാക്കിയിട്ടുണ്ട്.പൊതുപരീക്ഷയ്ക്ക് സഹായകമാകുന്ന വിധം ഫോക്കസ് ഏരിയകളിൽ ഊന്നി ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പത്താംക്ലാസിന്റെ റിവിഷൻ ക്ലാസുകൾ ഫെബ്രുവരി ആദ്യം മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം നടത്തുമെന്ന് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഞായറാഴ്ചയിലെ ആറു ക്ലാസുകളുടെ സംപ്രേഷണത്തോടെ ജനറൽ, തമിഴ്, കന്നഡ മീഡിയങ്ങളിലായി 1166 ഡിജിറ്റൽ ക്ലാസുകളാണ് പത്താം ക്ലാസിന് മാത്രം ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിയത്.