കൊല്ലം: നവീകരിച്ച പാലരുവി ടൂറിസം സെന്റര്‍ സന്ദര്‍ശകര്‍ക്കായി തുറന്നു.പുതിയ പദ്ധതികളുടെ ഉദ്ഘാടനം വനംവകുപ്പു മന്ത്രി അഡ്വ കെ രാജു നിര്‍വഹിച്ചു. നിലവിലുള്ള ഇക്കോ ടൂറിസം സെന്ററിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതിനായി വിവിധതരം നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് വനം മന്ത്രി പറഞ്ഞു.പ്രകൃതി സൗഹൃദ പ്രവേശനകവാടവും സ്തൂപങ്ങളും സ്ഥാപിക്കുകയും ശുചിമുറികള്‍ നവീകരിക്കുകയും ചെയ്തു.
രണ്ടാം പ്രവേശന കവാടത്തിലെ ചെക്ക് പോസ്റ്റ് കെട്ടിടം നവീകരിക്കുകയും കടുവാ പാറയിലെ പ്രകൃതി പഠനക്യാമ്പിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്.ജലപാതത്തിനടുത്തുള്ള ഭക്ഷണശാലയുടെ നവീകരണവും സൗന്ദര്യവത്കരണവും കവാടത്തിലും ജലപാതത്തിലേക്കുള്ള പാതയോരത്തും സൈനേജുകള്‍ സ്ഥാപിക്കല്‍, ജലപാതത്തിലേക്ക് സുരക്ഷിതമായ കൈവരികള്‍ സ്ഥാപിക്കല്‍, ടിക്കറ്റ് കൗണ്ടറിനോടനുബന്ധിച്ച് കാത്തിരിപ്പ് സ്ഥലത്തിന്റെ നിര്‍മാണം, ടിക്കറ്റ് കൗണ്ടറിനടുത്തും ജലപാതത്തിനടുത്തും ബസില്‍ കയറുന്നതിന് ക്യു നില്‍ക്കുന്നതിനുള്ള മേല്‍ക്കൂരയോട് കൂടിയ സ്ഥലത്തിന്റെ നിര്‍മാണം, ജലപാതത്തിനരികില്‍ കല്‍മണ്ഡപത്തിന്റെ നിര്‍മാണം എന്നിവയും നവീകരണ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുന്നു.
84 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം അറിയിച്ചു.
പ്രദേശവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2003 ല്‍ പാലരുവിയില്‍ ഇക്കോ ടൂറിസം ആരംഭിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന പാലരുവിയിലേക്ക് സന്ദര്‍ശകര്‍ക്ക് കാല്‍നടയായോ വനംവകുപ്പിലെ രണ്ടും മിനി ബസുകളിലോ പോകാം. കോവിഡ് പ്രതിസന്ധി മാറി സന്ദര്‍ശകരുടെ തിരക്കിനനുസരിച്ച് വനംവകുപ്പ് വാഹനങ്ങളുടെ എണ്ണം കൂട്ടാമെന്നും അദ്ദേഹം പറഞ്ഞു.
വന മേഖലയില്‍ താമസിക്കുന്ന കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കുന്നതിനായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ഷകരോടൊപ്പം സ്‌ക്വാഡുകള്‍ കൂടി പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവിതാംകൂര്‍ കണ്‍സര്‍വേറ്ററായിരുന്ന ബോര്‍ഡിലോണിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച മണ്ഡപം, ബോര്‍ഡിലോണ്‍ പ്ലോട്ട്, പാലരുവി ഇക്കോ ടൂറിസം സെന്റര്‍ പ്രദേശവാസികള്‍ക്ക് വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍ സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നതിനായി നിര്‍മിച്ച ഇ-സര്‍വീസ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പ്രവേശന കവാടത്തിന് സമീപം വഴിയോരത്ത് കച്ചവടം നടത്തിയിരുന്നവര്‍ക്കായി നിര്‍മിച്ച് നല്‍കിയ കടകളുടെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വഹിച്ചു.
ചടങ്ങില്‍ ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ് അധ്യക്ഷയായി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍കുമാര്‍, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് മണി, ഫോറസ്റ്റ് പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ദേവേന്ദ്രകുമാര്‍ വര്‍മ, ദക്ഷിണ മേഖല ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാര്‍, തെന്മല ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഡി രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.