കണ്ണൂർ: കേരളത്തില്‍  അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പൊതുഗതാഗത രംഗത്ത് വലിയ മാറ്റം ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകാന്‍ പോകുന്നതെന്നും 2021-22 വര്‍ഷത്തില്‍ 10000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തടസ്സരഹിതമായ  റോഡ് ശൃംഖലയ്ക്കായി ലെവല്‍ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനമാണ് നടന്നത്.
തലശ്ശേരിയിലെ കൊടുവള്ളി റെയില്‍വെ മേല്‍പ്പാലം സാധ്യമാകുന്നതോടെ ലെവല്‍ ക്രോസ് 230 അടയ്ക്കുമ്പോഴുള്ള ഗതാഗത കുരുക്കിന് പരിഹാരമാവും. 313.60 മീറ്റര്‍ നീളത്തിലും 10.05 മീറ്റര്‍ വീതിയിലുമാണ് മേല്‍പ്പാലം പണിയുന്നത്.

പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി.  തലശ്ശേരി സിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ കെ മുരളീധരന്‍ എം പി മുഖ്യതിഥിയായി, എ എന്‍ ഷംസീര്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാ റാണി ടീച്ചര്‍, ഉപാധ്യക്ഷന്‍ വാഴയില്‍ ശശി, കൗണ്‍സിലര്‍മാരായ ടി കെ സാഹിറ, വി മജ്മ തുടങ്ങിയവര്‍ പങ്കെടുത്തു.