തൃശ്ശൂർ: വീടിനടുത്ത് അനധികൃതമായി പ്രവർത്തനം നടത്തിയിരുന്ന വർക്ക് ഷോപ്പിനെതിരെ പതിനൊന്നു വർഷമായി നിയമയുദ്ധം നടത്തുന്ന വീട്ടമ്മയ്ക്ക് പരിഹാരമായി അദാലത്ത്.
കണ്ടാണശ്ശേരി പഞ്ചായത്തിലെ പ്രവാസിയായിരുന്ന ഒടാട്ട് വീട്ടിൽ അനിൽകുമാറിൻ്റെ വിധവയാണ് വീടിന് സമീപത്ത് സ്വകാര്യവ്യക്തി അനധികൃതമായി നടത്തിവരുന്ന മൈത്രി ബോഡി ബിൽഡിങ് വർക്ക് ഷോപ്പിനെതിരെ പരാതിയുമായി അദാലത്തിൽ എത്തിയത്.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിനിത അനുകൂലമായ വിധി സമ്പാദിച്ചിരുന്നു.
വിധിയെ തുടർന്ന് പൂട്ടിയ വർക്ക് ഷോപ്പ് ഒരാഴ്ചക്ക് ശേഷം പ്രവർത്തനം തുടങ്ങി.
ബിനിതയുടെ വിഷമതകൾ അദാലത്തിലൂടെ അറിഞ്ഞ തദ്ദേശമന്ത്രി ഫെബ്രു. 8 നകം പരാതി പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. ജില്ലാ വ്യവസായ കേന്ദ്രം, എൻജിനീയറിങ് വിഭാഗം, കണ്ടാണശ്ശേരി പഞ്ചായത്ത് സെക്രട്ടറി
തുടങ്ങിയവരോടും വേണ്ട നടപടികൾ എടുക്കാൻ മന്ത്രി നിർദ്ദേശം നൽകി.
ബോഡി ബിൽഡിങ് ഷോപ്പ് എന്ന പേരിൽ അനധികൃതമായി സ്പ്രേ പെയിന്റിങ് ഉൾപ്പെടെയുള്ള എൻജിനീയറിങ് വർക്കുകളാണ് ഷോപ്പിൽ നടത്തിവരുന്നത്. വൃദ്ധയായ അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളുമാണ് നിയമ പോരാട്ടത്തിൽ ബിനിതയ്ക്ക് കൂട്ടുണ്ടായത്.
ആസ്മ രോഗിയായ ബിനിതയുടെ അമ്മയ്ക്ക് സ്പ്രൈ പെയിൻറിങ് അലർജി ഉൾപ്പെടെ വളരെയേറെ ആരോഗ്യ പ്രശ്നങ്ങൾ വർക്ക് ഷോപ്പിൽ നിന്നുണ്ടാകുന്നുവെന്ന് ബിനിത കണ്ണീരോടെയാണ് തദ്ദേശമന്ത്രി എ സി മൊയ്തീതീനെ അറിയിച്ചത്.
തൻ്റെ വിഷമതകൾക്ക് അനുകൂല വിധിയുണ്ടായ സന്തോഷത്തിലാണ് ബിനിത അദാലത്തിൽ നിന്നു മടങ്ങുന്നത്. സന്തോഷക്കണ്ണീരോടെ.