കാസര്‍ഗോഡ്: മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം വൈകാതെ ഉചിതമായ സ്ഥലത്ത് നിര്‍മ്മിക്കുമെന്നും ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിക്കുമെന്നും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. മഞ്ചേശ്വരം താലൂക്കിലെ ഹൊസബേട്ടു, ബങ്കര, മഞ്ചേശ്വരം, ബഡാരി വില്ലേജുകള്‍ അടങ്ങുന്ന ഹൊസബേട്ടു ഗ്രൂപ്പ് വില്ലേജ് ഓഫീസിന്റെ നവീകരിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബഹുഭാഷാ സംഗമഭൂമിയായ ഈ പ്രദേശത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ മനസ്സിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റിയ സ്മാര്‍ട്ട് വില്ലേജ് പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കി. വനിതാ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ടോയ്‌ലറ്റ് സൗകര്യത്തിന് സമീപത്തെ വീടുകളെ ആശ്രയിക്കേണ്ടി വന്ന, ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ കന്നുകാലികള്‍ കയറിയിറങ്ങുന്ന, മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഓഫീസുകള്‍, ആളുകള്‍ക്ക് ഇരിപ്പിടമില്ലാത്ത അവസ്ഥ, ജീവനക്കാര്‍ക്ക് നിന്നു തിരിയാന്‍ ആകാത്ത സ്ഥിതി, നല്ല കസേരകളും മേശകളും ഇല്ലാത്ത സ്ഥിതി ഇങ്ങിനെയായിരുന്നു, സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിലെ വില്ലേജ് ഓഫീസുകളുടെ ചിത്രം എന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്തെ 1664ല്‍ 310 വില്ലേജ് ഓഫീസുകളില്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചു നല്‍കി. 317 കെട്ടിടങ്ങളില്‍ ടോയ്‌ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യവും ഒരുക്കി. 300ല്‍ അധികം ഓഫീസുകളില്‍ കൂടുതല്‍ മുറി നല്‍കി. 441 ഓഫീസുകള്‍ക്ക് മനോഹരമായ പുതിയ കെട്ടിടം നല്‍കി. 2021-22ലെ പുതിയ ബജറ്റില്‍ 76 ഓഫീസുകള്‍ക്കുള്ള ഫണ്ട് വകയിരുത്തി. 1500ഓളം വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറിക്കഴിഞ്ഞു. കാസര്‍കോട് ജില്ലയില്‍ മാത്രം 28 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ അനുവദിച്ചു. 213 കോടി രൂപയാണ് വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. 150ല്‍ അധികം വില്ലേജ് ഓഫീസുകള്‍ തറക്കല്ലിട്ടു. 116 എണ്ണത്തിന്‍െ റ തറക്കല്ലിടല്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വളരെ ആശ്വാസമായ അന്തരീക്ഷമാണ് ഇന്ന് കേരളത്തിലെ വില്ലേജ് ഓഫീസുകളില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീന്‍ ലവീന മോന്തെരോ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. ഷംസീന, അബ്ദുള്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍ ജൈബുന്നീസ ഫസര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കമലാക്ഷ കനില, ബി.വി രാജന്‍, ഹമീദ് ഹൊസങ്കടി, എം. മൊയ്തീന്‍, പത്മനാഭ കടപ്പുറം, രാഘവ ചേരാല്‍, മനോജ് കുമാര്‍, ടി.വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു സ്വാഗതവും മഞ്ചേശ്വരം തഹസില്‍ദാര്‍ ഷാജുമോന്‍ ജോസഫ് നന്ദിയും പറഞ്ഞു.