പോലീസിന്റെ വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനിൽ നിർവഹിച്ചു
പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് അഞ്ചുവര്‍ഷത്തിനിടെ നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസിന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പണം ഒരിക്കലും പ്രശ്‌നമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനായി നിര്‍മ്മിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വീടും നാടും വൃത്തിയായി സൂക്ഷിക്കുന്ന മലയാളികള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അതേ മനോഹാരിത പ്രതീക്ഷിക്കുന്നു. ഇത്തരം മനോഭാവമുള്ളവര്‍ സന്ദര്‍ശിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ മനോഹരമായിരുന്നാല്‍ അത് പരാതിക്കാരന് ആശ്വാസം പകരും. ഏതാനും വര്‍ഷത്തിനിടെ ഉദ്ഘാടനം ചെയ്യപ്പെട്ട പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍ വൃത്തിക്കും വെടിപ്പിനും മകുടോദാഹരണങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുതായി ആരംഭിച്ച പാലക്കാട് വനിത പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ആലുവ, ചോമ്പാല, മേലാറ്റൂര്‍, തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുകള്‍, കോട്ടയത്തെയും കൊല്ലത്തെയും ജില്ലാ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, തിരുവനന്തപുരം സിറ്റി, മൂന്നാര്‍, വയനാട്, പാലക്കാട് എന്നിവിടങ്ങളിലെ ജില്ലാതല പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി നിര്‍മിച്ച കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നിര്‍മ്മിച്ച നേമം, ചെങ്ങന്നൂര്‍, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലെ ക്വാര്‍ട്ടേഴ്‌സുകളുടെയും ചാത്തന്നൂരിലെ ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എഡിജിപിമാരായ വിജയ് സാഖറെ, മനോജ് എബ്രഹാം, ഡിഐജി എസ്. ശ്യാംസുന്ദര്‍ എന്നിവരും ജില്ലാ പോലീസ് മേധാവിമാരും ചടങ്ങില്‍ പങ്കെടുത്തു.