ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പുമന്ത്രി പി. തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലുടെ നിര്‍വഹിച്ചു. കോവിഡ് കാലത്ത് ഉള്‍പ്പടെ ഭക്ഷ്യ വസ്തുക്കള്‍ക്ക് ഉണ്ടാകേണ്ടിയിരുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താനായി. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഒട്ടേറെ മാറ്റങ്ങളാണ് പൊതുവിതരണ രംഗത്ത് കൊണ്ടുവന്നത്. ഓണ്‍ലൈന്‍ രംഗത്തേക്കും ഉടന്‍ സപ്ലൈക്കോയുടെ സാന്നിധ്യം ഉറപ്പാക്കും. ലോക്ക് ഡൗണ്‍ കാലത്ത് 86 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. തുടര്‍ന്നുള്ള മൂന്ന് മാസവും കിറ്റ് വിതരണം തുടരുമെന്നും മന്ത്രി പറഞ്ഞു.

ചെറുതോണി കരാര്‍ഭവന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസാണ് പൈനാവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന്റെ പ്രാദേശിക ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലയുടെ എല്ലാ മേഖലയിലും റേഷന്‍ വിതരണം സുദമമാക്കി നടത്താന്‍ സാധിച്ചിട്ടുണ്ട്. കോവിഡ് മൂലമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഇടപെടീല്‍ അഭിനന്ദനാര്‍ഹമാണ്.

യോഗത്തിന് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ജി സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി എം നൗഷാദ്, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സിവി വര്‍ഗീസ്, ജില്ലാ സപ്ലൈ ഓഫീസര്‍ അജേന്ദ്രന്‍ ആശാരി, രാഷ്ട്രീയ പ്രധിനിധികളായ എംകെ പ്രിയന്‍, റോയി ജോസഫ്, സുരേഷ് മീനത്തേരില്‍, അനില്‍ കൂവപ്ലാക്കല്‍,തുടങ്ങിയവര്‍ പങ്കെടുത്തു.