തിരുവനന്തപുരം: ജില്ലാ ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം എ.ഡി.എം ജി. ജി ഗോപകുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. ജയപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുട്ടികളിലെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ‘നിറക്കൂട്ട്’ പദ്ധതിയിലൂടെ ചിത്രരചന സാമഗ്രികള്‍ വിതരണം ചെയ്യുകയും കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം ഉണ്ടാക്കാന്‍ ‘കൃഷിപാഠം’ പദ്ധതി നടപ്പിലാക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് അവതരണത്തില്‍ സെക്രട്ടറി പറഞ്ഞു. ശിശുദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത പേരൂര്‍ക്കട സ്വദേശി ആദര്‍ശിനെ ജനറല്‍ ബോഡി അനുമോദിച്ചു. ട്രഷറര്‍ അശോക് കുമാര്‍. വി ബഡ്ജറ്റ് അവതരിപ്പിച്ചു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ബി. എസ് പ്രദീപ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഹല്യ.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.