പാലക്കാട്‌: ജില്ലാ അത്‌ലറ്റിക് അസോസിയേഷന് സംഘടിപ്പിച്ച 60-ാമത് അത്‌ലറ്റിക് ചാമ്പ്യന്ഷിപ്പില് പങ്കെടുത്ത കായികതാരങ്ങള്ക്ക് ആശ്വാസമായി സ്പോര്ട്സ് ആയുര്വേദ റിസര്ച്ച് സെല്. പാലക്കാട് ജില്ലാ ആയുര്വേദ ആശുപത്രിയില് പ്രവര്ത്തിക്കുന്ന സ്പോര്ട്സ് യൂണിറ്റിലെ മെഡിക്കല് ഓഫീസര് ഡോ. ജി. എല് അഭിനാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കായികതാരങ്ങളുടെ പരിക്കുകള്ക്ക് ആശ്വാസമേകാന് പാലക്കാട് മെഡിക്കല് കോളേജ് സിന്തറ്റിക് മൈതാനത്ത് എത്തിയത്.
എണ്ണൂറോളം കായിക താരങ്ങള് പങ്കെടുത്ത മീറ്റില് മത്സരങ്ങള്ക്കിടയില് പരിക്കുപറ്റിയവര്ക്കും പേശി കയറി ഓടാന് കഴിയാത്തവര്ക്കും മെഡിക്കല് സംഘം ഉടന് തന്നെ ചികിത്സ ലഭ്യമാക്കി. മത്സരശേഷം കാലിലെയും തുടയിലെയും വിവിധ പേശീ വേദനകള്ക്ക് ആയുര്വേദ ചികിത്സ ലഭ്യമാക്കുകയും സ്പോര്ട്സ് സ്പെഷ്യല് മെഡിസിനുകള് നല്കുകയും ചെയ്തു. ഹൈജമ്പിലും ലോങ്ങ് ജമ്പിലും പങ്കെടുത്ത കായികതാരങ്ങള്ക്ക് അനുഭവപ്പെട്ട കടുത്ത വേദന കുറയ്ക്കാന് പ്രത്യേകതരം ആയുര്വേദ പെയിന് സ്പ്രേ മെഡിക്കല് സംഘം എത്തിച്ചിരുന്നു.
നിരവധി കായിക താരങ്ങള്ക്കാണ് സ്പോര്ട്സ് യൂണിറ്റിന്റെ സേവനം ഗുണം ചെയ്തത്.
തെറാപ്പിസ്റ്റായ ജൂലിയറ്റ് ജിന്സി യൂണിറ്റിന്റെ ഭാഗമായി സേവനമനുഷ്ഠിച്ചു. 2017 മുതല് ജില്ലാ ആയുര്വേദ ആശുപത്രിയില് പ്രവര്ത്തിച്ചുവരുന്ന സ്പോര്ട്സ് ആയുര്വേദ റിസര്ച്ച് സെല് കായികതാരങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടുന്നതിനും കായികക്ഷമതയും പ്രകടന നിലവാരം ഉയര്ത്തുന്നതിനും സഹായിക്കുന്നു. കായികതാരങ്ങള്ക്കുള്ള എല്ലാത്തരം ചികിത്സയും മരുന്നുകളും യൂണിറ്റില് സൗജന്യമായി ലഭിക്കും. ജില്ലാ ആയുര്വേദ ആശുപത്രി കൂടാതെ പറളി ഹയര് സെക്കന്ഡറി സ്‌കൂള്, മുണ്ടൂര് ഹയര് സെക്കന്ഡറി സ്‌കൂള് എന്നിവിടങ്ങളിലും സാറ്റലൈറ്റ് യൂണിറ്റുകള് പ്രവര്ത്തിക്കുന്നുണ്ട്.