പാലക്കാട് ജില്ലാ പഞ്ചായത്ത് വേദി മാറ്റി
പാലക്കാട്: പൊതുജനങ്ങളുടെ പ്രശ്നങ്ങള്ക്കും പരാതികള്ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില് ഫെബ്രുവരി എട്ടിന് സംഘടിപ്പിക്കുന്ന ‘സാന്ത്വന സ്പര്ശം’ ജില്ലാതല പരാതി പരിഹാര അദാലത്തില് പാലക്കാട്, ചിറ്റൂര്, ആലത്തൂര് താലൂക്കുകളുടെ അദാലത്ത് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല് സ്റ്റേഡിയത്തില് സംഘടിപ്പിക്കും. പൊതുജനങ്ങള്ക്കുള്ള സൗകര്യാര്ത്ഥമാണ് നേരത്തെ വേദിയായി നിശ്ചയിച്ചിരുന്ന പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാള് മാറ്റി പുതിയ വേദിയായ ഇന്ദിരാഗാന്ധി മുനിസിപ്പല് സ്റ്റേഡിയം തീരുമാനിച്ചത്.
ഫെബ്രുവരി എട്ടിന് നടക്കുന്ന അദാലത്തില് സാമൂഹ്യ നീതി, തദ്ദേശസ്വയംഭരണം, സിവില് സപ്ലൈസ്, റവന്യൂ, കൃഷി വകുപ്പുകളുടെ അഞ്ച് കൗണ്ടറുകളാണ് സജ്ജീകരിക്കുക. പുതിയ അപേക്ഷകര്ക്കായി അന്വേഷണ കൗണ്ടര് ഒരുക്കും. ഓരോ താലൂക്കിനും പ്രത്യേക കൗണ്ടറുകള് തയ്യാറാക്കും. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള് സ്വീകരിക്കുന്നതിന് മൂന്നു കൗണ്ടറുകള് സജ്ജമാക്കും.
ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില് ജില്ലയില് നടക്കുന്ന അദാലത്തില് പട്ടികജാതി- പട്ടികവര്ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്കുട്ടി, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്കുമാര് എന്നിവരുടെ നേതൃത്വത്തില് പരാതികള് പരിശോധിക്കും. ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ അദാലത്ത് ഫെബ്രുവരി ഒമ്പതിന് ഷൊര്ണൂര് ഗസീബ് ഹെറിറ്റേജിലും മണ്ണാര്ക്കാട് താലൂക്കിലെ അദാലത്ത് ഫെബ്രുവരി 11 ന് അഗളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ് സംഘടിപ്പിക്കുക. പോലീസ്, ദുരന്തനിവാരണം, ലാന്ഡ് ട്രൈബ്യൂണല്, ലൈഫ് മിഷന് എന്നിവ ഒഴികെയുള്ള പരാതികളാണ് പരിഗണിക്കുക.