കാസർഗോഡ്: കരുതലും ആശ്വാസവും പകര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ജില്ലയിലെ ആദ്യ ദിനം. കോവിഡ് ഭീതിയെയും മറികടന്ന് ആദ്യദിനം കാഞ്ഞങ്ങാട് നടന്ന അദാലത്തിലേക്ക് എത്തിയത് ആയിരങ്ങള്‍. ആദ്യ ദിനം കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ നിന്നായി ആകെ പരിഗണിച്ചത് 2470 പരാതികളാണ്. ഇവയ്ക്ക് മന്ത്രിമാരും ജില്ലാ കളക്ടറും തല്‍സമയം പരിഹാരം നിര്‍ദേശിച്ചു. ഓണ്‍ലൈനായി 1635 അപേക്ഷകളാണ് ലഭിച്ചത്. ഇതിന് പുറമേ 835 പേര്‍ പുതിയതായി അദാലത്തിലേക്ക് അപേക്ഷിച്ചു. മന്ത്രിമാരായ കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അദാലത്ത് നടന്നത്. അദാലത്തില്‍ ചികിത്സാ സഹായം, വീട്, റേഷന്‍കാര്‍ഡ്, പെന്‍ഷന്‍ തുടങ്ങിയ പരാതികള്‍ പരിഗണിച്ച് നടപടികള്‍ സ്വീകരിച്ചു.

അംഗപരിമിതരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് മന്ത്രിമാര്‍ ആശ്വാസം പകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ കാസര്‍കോട് ടൗണ്‍ ഹാളില്‍ അദാലത്ത് നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഹോസ്ദുര്‍ഗ് താലൂക്കില്‍ 1390000 രൂപയും വെള്ളരിക്കുണ്ട് താലൂക്കില്‍ 1.85 ലക്ഷം രൂപയും അനുവദിച്ചു.