സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാണെന്ന് ജീവിതാനുഭവങ്ങളിലൂടെ കേരളീയ ജനതക്ക് മുഴുവന്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു. ഇതുവരെ കാണാത്ത ദുരന്ത കാലം അതിജീവിക്കാന്‍ ജനങ്ങളെ ചേര്‍ത്തു പിടിച്ചതിനൊപ്പം ആശ്വാസത്തിന്റെ പന്തലൊരുക്കാന്‍ സര്‍ക്കാറിനായി. സര്വതോന്മുഖമായ അഭിവൃദ്ധിയാണ് എങ്ങുമുള്ളത്. ഒപ്പം ക്ഷേമവും കരുതലും ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉറപ്പാക്കി. ഇതിനിടയിലും പരിഹരിക്കാനാകാതെ പോയ പ്രശ്നങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശത്തിലൂടെ തീര്പ്പുണ്ടാക്കാനായതില് ചാരിതാര്‍ഥ്യമുണ്ടെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
പരിഹാരം സാധ്യമായ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മുഖ്യ അതിഥിയായെത്തിയ തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. മന്ത്രിമാര്‍ക്കൊപ്പം ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള ഇടപെടല്‍ നിസ്തുലമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലമ്പൂര്‍ താലൂക്കിലുള്‍പ്പെടുന്ന മമ്പാട് കൂളിക്കല്‍ സ്വദേശിനി ചീര വീട്ടില്‍ ഹഫ്സത്ത്, മരുത പുതുക്കൊടിച്ചി കുഞ്ഞില, മരുത ചെട്ടിയാംതൊടിക നഫീസ, പെരിന്തല്‍മണ്ണ താലൂക്കിലുള്‍പ്പെട്ട കുന്നപ്പള്ളി കൊല്ലങ്ങോടന്‍ ഖൗലത്ത്, വള്ളിക്കാപ്പറ്റ തച്ചറക്കുന്നന്‍ സഹീറ എന്നിവര്‍ക്ക് പുതുതായി അനുവദിച്ച അന്ത്യോദയ അന്നയോജന വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ വേദിയില്‍ മന്ത്രിമാരായ ഡോ. കെ.ടി. ജലീല്‍, ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.
നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്, പെരിന്തല്‍മണ്ണ സബ്കലക്ടര്‍ കെ.എസ്. അഞ്ജു, എ.ഡി.എം ഡോ. എം.സി. റെജില്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.