കൊല്ലം: മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ മലയോര മേഖലയില്‍ അത്യാധുനികമായി റോഡുകള്‍ നിര്‍മിക്കണമെന്ന സര്‍ക്കാരിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുനലൂര്‍ മുതല്‍ ചല്ലിമുക്ക് വരെയുള്ള മലയോര ഹൈവേയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ തെക്ക്-വടക്ക് ഭാഗങ്ങളെ മലയോര പ്രദേശങ്ങളിലൂടെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയാണ് മലയോര ഹൈവേ. ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സൗകര്യമാണ് ഒരു നാടിന്റെ വികസനത്തിന് അത്യാവശ്യമെന്ന കാഴ്ചപ്പാടിലാണ് ഈ ബൃഹത് പദ്ധതി ആവിഷ്‌കരിച്ചത്. 3500 കോടി രൂപ ചെലവഴിച്ച് കാസര്‍ഗോഡ് നന്ദാരപദവ് മുതല്‍ തിരുവനന്തപുരം പാറശാല വരെ 1251 കിലോമീറ്റര്‍ ദൂരമാണ് മലയോര ഹൈവേ പൂര്‍ത്തീകരിച്ചിട്ടുള്ളത്. പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
201.67 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെയാണ് മലയോര ഹൈവേ പൂര്‍ത്തീകരിച്ചിട്ടുള്ളത്. പുനലൂര്‍ കെ എസ് ആര്‍ ടി സി ജംഗ്ഷന്‍ മുതല്‍ അഗസ്ത്യക്കോട് വരെയും ആലഞ്ചേരി-കുളത്തൂപ്പുഴ-മടത്തറ വഴി ചല്ലിമുക്ക് വരെയുമാണ് മലയോര ഹൈവേ. ജില്ലയില്‍ 46.1 കിലോമീറ്റര്‍ ദൂരം വരുന്ന ഹൈവേയ്ക്ക് 10 മീറ്റര്‍ വീതിയാണുള്ളത്.

സംരക്ഷണഭിത്തികള്‍, കാല്‍നടയാത്രയ്ക്കായി ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതകള്‍, ഓടകള്‍, കലുങ്കുകള്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്. കൂടാതെ നാല്പതോളം ബസ് ഷെല്‍ട്ടറുകള്‍, വാഹന യാത്രക്കാര്‍ക്കായി വണ്‍ വേ സൈഡ് അമിനിറ്റി സെന്ററും പൂര്‍ത്തീകരിച്ചു. ശുചിമുറി, ലഘു ഭക്ഷണശാല, വിശ്രമമുറി, വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യം എന്നിവയും അമിനിറ്റി സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈന്‍ വഴി അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിമാന പദ്ധതികളില്‍ ഒന്നാണ് മലയോര ഹൈവേ. സംസ്ഥാനമൊട്ടാകെ മലയോര ഹൈവേയുടെ ഭാഗമായി 20 റീച്ചുകളാണുള്ളത്. ഇതില്‍ മൂന്നാമത്തേതാണ് പുനലൂര്‍ മുതല്‍ ചല്ലിമുക്ക് വരെയുള്ളത്. 40 ബസ് ഷെല്‍ട്ടറുകള്‍ ഉണ്ടെന്നുള്ളതാണ് ഈ റീച്ചിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു മുഖ്യാതിഥിയായി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഗതാഗത സൗകര്യമാണ് ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കായി യാഥാര്‍ത്ഥ്യമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സമാനതകളില്ലാത്ത വികസന നേട്ടങ്ങളുടെ തെളിവാണ് മലയോര ഹൈവയുടെ പൂര്‍ത്തീകരണമെന്നും അദ്ദേഹം പറഞ്ഞു.