കൊല്ലം: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ സാമ്പത്തത്തികസഹായം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പ്രസിഡന്റ് സാം കെ ഡാനിയല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാതല ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനം പദ്ധതി കൂടുതല്‍ ആശുപത്രികളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും നെടുങ്ങോലം രാമറാവു ആശുപത്രിയെ കൂടി പദ്ധതിയുടെ ഭാഗമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

ജില്ലാ ആശുപത്രിയില്‍ മൂന്നു ഷിഫ്റ്റുകളിലായി നല്‍കുന്ന സൗജന്യ ഡയാലിസിസ് നാലു ഷിഫ്റ്റുകളാക്കി മാറ്റുമെന്നും, വൃക്ക സ്വീകരിക്കുന്നവരുടെ തുടര്‍ചികിത്സ ഉറപ്പ് വരുത്തുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ഓപ്പണ്‍ ജിംനേഷ്യങ്ങളുടെ നിര്‍മ്മാണം എല്ലാ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും നടപ്പാക്കും. ഗ്രാമപഞ്ചായത്തുകള്‍ക്ക് ജല ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായിവരുന്ന അധിക തുക ജില്ലാ പഞ്ചായത്ത് വിഹിതമായി നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് അഡ്വ. സുമലാല്‍ അധ്യക്ഷത വഹിച്ചു.  വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ നജീബത്ത്, സെക്രട്ടറി കെ പ്രസാദ്,  സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി കെ ഗോപന്‍, അനില്‍ എസ് കല്ലേലിഭാഗം, വസന്താ രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ-ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.