വയനാട്: എനിക്കൊരു വീല് ചെയര്‍വേണം സര്‍….എടവക ഗ്രാമ പഞ്ചായത്തിലെ പുത്തന്‍പുരയില്‍ സിയാവുദ്ദീന്‌ അദാലത്തിലെത്തിയ റവന്യു വകുപ്പ്‌ മന്ത്രി ഇ.ചന്ദ്രശേഖരനോട്‌ ഇതായിരുന്നു ആവശ്യം.ജന്മനാ ശരീരിക വൈകല്യം നേരിടുന്ന ഷിഹാബുദ്ദീന്‌ പരസഹായം കൂടാതെ നടക്കാന്‍ കഴിയില്ല. നാല്‍പ്പത്‌ വയസ്സ്‌ പിന്നിട്ട ഷിഹാബുദ്ദീന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനവുദിച്ചു. വീല്‍ ചെയറിനുള്ള ആവശ്യം അടിയന്തര പ്രാധാന്യത്തോടെ കണക്കിലെുത്ത്‌ ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ക്ക്‌ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഭിന്നശേഷിക്കാരായ നിരവധി പേരാണ്‌ അദാലത്തില്‍ ഇത്തരത്തിലുള്ള ആവശ്യവുമായി എത്തിയത്‌. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അപേക്ഷകള്‍ക്ക്‌ പരമാവധി സഹായം അദാലത്തിന്റെ വേദിയില്‍ നിന്നു തന്നെ അനുവദിച്ചു. അഞ്ചുകുന്നില്‍ നിന്നും ചക്ക ഹൗസില്‍ അയൂബ്‌ ഓട്ടിസം ബാധിച്ച മകന്റെ ചികിത്സധനസഹായത്തിനാണ്‌ അദാലത്തില്‍ എത്തിയത്‌. പതിമൂന്ന്‌്‌ വയസ്സ്‌ പ്രായമുള്ള മകനെ ചികിത്സിക്കണം. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയോട്‌ ആവശ്യം പറഞ്ഞതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇരുപതിനായിരം രൂപയും ശ്രവണസഹായിയും അനുവദിച്ചു. ധനസഹായത്തിന്‌ വേണ്ടി പലതവണ അലഞ്ഞിരുന്നു. ഈ തുക അനുവദിച്ചത്‌ ആശ്വാസമാണ്‌.

കോവിഡ്‌ കാലത്ത്‌ മറ്റു തൊഴിലുകളൊന്നും ഇല്ലാത്ത ഈ കാലത്ത്‌ അദാലത്ത്‌ ഇവര്‍ക്കും തുണയായി മാറുകയായിരുന്നു. വയനാട്‌ കാര്‍ഷിക വികസനബാങ്കില്‍ നിന്നും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ആറ്‌ ലക്ഷം രൂപ വായ്‌പയെടുത്ത മാനന്തവാടി പയ്യപ്പള്ളി വീ്‌ട്ടില്‍ ഗീവര്‍ഗ്ഗീസിന്‌ വായ്‌പയടെ പലിശയും പിഴ പലിശയും അദാലത്തില്‍ ഒഴിവാക്കി കൊടുത്തു. മാര്‍ച്ച്‌ 31 സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ്‌ വായ്‌പ ഇളവ്‌ ചെയ്‌തു കൊടുത്തത്‌. ഭിന്നശേഷിക്കാരനായ ഇദ്ദേഹത്തിന്‌ വീല്‍ ചെയര്‍ നല്‍കാനും അദാലത്തില്‍ തീരുമാനമായി. റാങ്ക്‌ ലിസ്‌റ്റിന്റെ കാലാവധി നീട്ടണമെന്നും നിയമനം ത്വരിതപ്പെടുത്ത ണമെന്നുമായിരുന്നു അദാലത്തില്‍ എത്തിയ ജില്ലയിലെ എല്‍.ഡി.ക്ലാര്‍ക്ക്‌ റാങ്ക്‌ ലിസ്‌റ്റില്‍ ഉള്‍പ്പെട്ട ഉദ്യാഗാര്‍ത്ഥികളുടെ ആവശ്യം. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയാണെന്നും അനുഭാവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി ടി.പി.രാമകൃഷ്‌ണന്‍ പറഞ്ഞു. ജില്ലയിലെ ഒഴിവുകള്‍ മുഴുവന്‍ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌ ജില്ലാ കളക്ടര്‍ക്ക്‌ മന്ത്രി നിര്‍ദ്ദേശം നല്‍കി.
തിങ്കളാഴ്‌ച രാവിലെ ഒമ്പതോടുകൂടി പനമരം സെന്റ്‌ ജൂഡ്‌ പള്ളിയിലെ പാരിഷ്‌ഹാള്‍ ജനനിബിഢമാവുകയായിരുന്നു. മാനന്തവാടി താലൂക്ക്‌ ഓഫീസ്‌ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ ആവശ്യങ്ങളും പരാതികളുമായാണ്‌ നിരവധി പേരെത്തിയത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിനുള്ള അപേക്ഷമുതല്‍ ദീര്‍ഘകാലമായുള്ള പരിഹരിക്കാതെ കിടന്ന പ്രശ്‌നങ്ങളും അദാലത്തില്‍ പരിഗണനയ്‌ക്കെത്തി. സംസ്ഥാന തല്‌ത്തില്‍ പരിഗണിക്കപ്പെടേണ്ട വിഷയങ്ങള്‍ ഒഴിച്ചുള്ള കാര്യങ്ങള്‍ക്ക്‌ ജില്ലാതലത്തില്‍ തന്നെ പരിഹാരം കാണുന്നതിന്‌ അദാലത്ത്‌ മുന്‍കൈയ്യെടുക്കുകയായിരുന്നു.