ഇടുക്കി: കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഇടുക്കി ജില്ലാ അദാലത്തില്‍ ഏഴ് പരാതികള്‍ തീര്‍പ്പാക്കി. ആകെ 16 പരാതികളാണ് പരിഗണിച്ചത്. ബാക്കിയുള്ളവ തുടര്‍ നടപടികള്‍ക്കായി മാറ്റിവച്ചു. പുതുതായി ആറ് പരാതികള്‍ കൂടി ലഭിച്ചു.

ഇന്ത്യയില്‍ ആദ്യമായി കേരളത്തിലെ വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി നടപ്പിലാക്കിയ ആനിമല്‍ ഹാന്‍ഡ്‌ലിങ് ഇന്‍ സൂ ആന്‍ഡ് ഫോറസ്റ്റ് എന്ന കോഴ്‌സ് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന് കാട്ടി ഉദ്യോഗാര്‍ത്ഥി നല്‍കിയ പരാതിയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ (സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്, ജനറല്‍ റിക്രൂട്ട്‌മെന്റ്) എന്നിവയില്‍ അധിക യോഗ്യതയായി പ്രസ്തുത കോഴ്‌സ് പരിഗണിക്കണമെന്നും വനം, മൃഗശാല വകുപ്പുകളില്‍ ഇവര്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന തൊഴിലവസരങ്ങള്‍ ഏതെന്ന് പരിശോധിച്ച് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുവാന്‍ തീരുമാനിച്ചു.

ലാബ് ടെക്‌നീഷ്യന്‍ മാരുടെ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ഉദ്യോഗാര്‍ഥിയുടെ പരാതിയി•േല്‍ യുവജന കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലേക്കായി ആര്‍ദ്രം മാനദണ്ഡമനുസരിച്ച് ലാബ് ടെക്‌നീഷ്യന്‍ അടക്കമുള്ള തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാറിലേക്ക് അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഭരണാനുമതി ലഭ്യമാകുന്ന മുറയ്ക്ക് പുതിയ തസ്തികകള്‍ നിലവില്‍ വരുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ പ്രതിനിധി കമ്മീഷനെ അറിയിച്ചു.

കെഎസ്ഇബിയിലെ കാഷ്യര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നില്ല എന്ന് കാട്ടി കമ്മീഷന് ലഭിച്ച പരാതിയി•േല്‍ ഇടപെട്ടിരുന്നു. അഞ്ഞൂറിലധികം പേര്‍ക്ക് സംസ്ഥാനത്ത് നിയമനം ലഭ്യമാക്കിയതായും ഒഴിവുകള്‍ നിലനില്‍ക്കുന്ന ഇടങ്ങളില്‍ കൂടി അടിയന്തര നിയമനം നടത്തുമെന്നും കെഎസ്ഇബി പ്രതിനിധി അറിയിച്ചു.

തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ വി.വിനില്‍, പിഎ.സമദ്, ഫിനാന്‍സ് ഓഫീസര്‍ ഷീന സി കുട്ടപ്പന്‍, വൃന്ദ.വി.എന്‍, സരിത.എല്‍.എം. എന്നിവര്‍ പങ്കെടുത്തു.