എറണാകുളം: ഇവരുടെ പട്ടയം ഏറ്റവും അടുത്ത ദിവസം തന്നെ കൈമാറുന്നനതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ നിർദ്ദേശിക്കുമ്പോൾ മല്ലിക കൈകൂപ്പി നന്ദി അറിയിച്ചു. വർഷങ്ങളായി തീർപ്പാകാത്ത പ്രശ്നത്തിനാണ് സാന്ത്വന സ്പ്പർശത്തിൽ പ്രതീക്ഷ നൽകിയത്. മല്ലികയുടെ കുടുംബം അശമന്നൂർ പഞ്ചായത്തിലെ തയ്യാലിൽ വർഷങ്ങളായി താമസിക്കുന്നു. ഭർത്താവിൻ്റെ അമ്മയും കൂടെയുണ്ട്.

താമസിക്കുന്ന ഭൂമിക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. രേഖകൾ ഇല്ലാത്തതിനാൽ സർക്കാരിൻ്റെ മറ്റ് സഹായങ്ങളൊന്നും ലഭിക്കുന്നില്ല. പഴയ വീട് ഇടിഞ്ഞു വീഴാറായി. ഭർത്താവിന് കൂലിപ്പണിയാണ്. ഭർത്താവിൻ്റെ സഹോദരനും ഈ ഭൂമിയിൽ തന്നെ താമസിക്കുന്നുണ്ട്. ഇവർക്കും പട്ടയം ലഭിച്ചിട്ടില്ല. പട്ടയത്തിനായി പലയിടങ്ങളിലും അപേക്ഷ നൽകിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. തുടർന്ന് സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ എത്തുകയായിരുന്നു. അപേക്ഷ പരിഗണിച്ച മന്ത്രി വി എസ് സുനിൽകുമാർ ഉടൻ മേൽ നടപടികൾ സ്വീകരിക്കാൻ തൃപ്പൂണിത്തുറ ലാൻഡ് ട്രൈബ്യൂണൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.