നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായ 2018-19 വർഷത്തെ ആർദ്ര കേരളം പുരസ്‌കാരം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിലും ആരോഗ്യ അനുബന്ധ മേഖലയിലും മികച്ച ഇടപെടലുകളാണ് നടത്തിവരുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും, മുനിസിപ്പൽ കോർപ്പറേഷനുകൾക്കും സംസ്ഥാനതല അവാർഡുകളും കൂടാതെ ഗ്രാമപഞ്ചായത്തുകൾക്ക് ജില്ലാതല അവാർഡുകളുമാണ് നൽകുന്നത്.
ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങൾ, ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ, ഓൺലൈൻ റിപ്പോർട്ടിംഗ്, ഫീൽഡ്തല പരിശോധനകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 2018-19 വർഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ, അനുബന്ധ പദ്ധതികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംസ്ഥാനതലത്തിൽ ഓരോ വിഭാഗത്തിനും പത്ത് ലക്ഷം രൂപയാണ് സമ്മാനത്തുക. ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. കോർപ്പറേഷൻ വിഭാഗത്തിൽ കൊല്ലം കോർപ്പറേഷൻ മുനിസിപ്പാലിറ്റി വിഭാഗത്തിൽ മണ്ണാര്‍ക്കാട് (പാലക്കാട്) ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ ചിറയിൻകീഴ് (തിരുവനന്തപുരം), ഗ്രാമ പഞ്ചായത്ത് വിഭാഗത്തിൽ ഈസ്റ്റ് എല്ലേരി, (കാസർഗോഡ്) ഒന്നാം സ്ഥാനത്തിനർഹമായി.
രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, തൃശ്ശൂർ കോർപ്പറേഷൻ പട്ടാമ്പി മുനിസിപ്പാലിറ്റി (പാലക്കാട് ജില്ല) ബ്ലോക്ക് പഞ്ചായത്ത്- ചേർപ്പ്, തൃശ്ശൂർ ജില്ല, ഗ്രാമ പഞ്ചായത്ത്- ഒട്ടൂർ, തിരുവനന്തപുരം ജില്ല (7 ലക്ഷം രൂപ) അർഹമായി. മൂന്നാം സ്ഥാനത്തിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് (3 ലക്ഷം രൂപ), വൈക്കം, മുനിസിപ്പാലിറ്റി കോട്ടയം ജില്ല (3 ലക്ഷം രൂപ), കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ജില്ല (3 ലക്ഷം രൂപ), മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് എറണാകുളം (6 ലക്ഷം രൂപ) അർഹമായി. ജില്ലാ തലത്തിൽ ഗ്രാമപഞ്ചായത്തുകളിൽ ഒന്നാം സ്ഥാനാർഹർക്ക്് അഞ്ച് ലക്ഷവും രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനത്തിന് രണ്ട് ലക്ഷവുമാണ് സമ്മാനത്തുക.
തിരുവനന്തപുരം ജില്ലാതലത്തിൽ ഗ്രാമപഞ്ചായത്തുകളിൽ പള്ളിച്ചൽ ഒന്നാം സ്ഥാനവും മുദാക്കൽ രണ്ടാം സ്ഥാനവും ആര്യങ്കോട് മൂന്നാം സ്ഥാനവും നേടി. കൊല്ലം ജില്ലാ തലത്തിൽ ആലപ്പാട് ഒന്നാം സ്ഥാനവും ക്ലാപ്പന രണ്ടും പവിത്രേശ്വരം മൂന്നും സ്ഥാനംനേടി. പത്തനംതിട്ട ജില്ലാ തലത്തിൽ മല്ലപ്പുഴശ്ശേരി ഒന്നാം സ്ഥാനവും ചെന്നീർക്കര രണ്ടാം സ്ഥാനവും കല്ലൂപ്പാറ മൂന്നാം സ്ഥാനംവും നേടി.
ആലപ്പുഴ ജില്ലാ തലത്തിൽ മാരാരിക്കുളം നോർത്ത് ഒന്നാം സ്ഥാനവും മുഹമ്മ രണ്ടാം സ്ഥാനവും വീയ്യപുരം മൂന്നാം സ്ഥാനവും നേടി. കോട്ടയം ജില്ലാ തലത്തിൽ മറവൻതുരുത്ത് ഒന്നും തൃക്കൊടിത്താനം രണ്ടും വെളളാവൂർ മൂന്നും സ്ഥാനം നേടി.
ഇടുക്കി ജില്ലാ തലത്തിൽ കരിമണ്ണൂർ ഒന്നും ഇടവെട്ടി രണ്ടും പുറപ്പുഴ മൂന്നും സ്ഥാനം നേടി. എറണാകുളം ജില്ലാ തലത്തിൽ ശ്രീമൂലനഗരം ഒന്നും കാലടി രണ്ടും മറാടി മൂന്നും സ്ഥാനം നേടി. ത്യശ്ശൂർ ജില്ലാ തലത്തിൽ ഗ്രാമപഞ്ചായത്തുകൾ തളിക്കുളം, മേലൂർ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കർഹമായി. പാലക്കാട് ജില്ലാ തലത്തിൽ മുതുതല ഒന്നും തിരുവേഗപ്പുറ രണ്ടും തിരുമിറ്റക്കോട് മൂന്നും സ്ഥാനത്തിനർഹമായി. മലപ്പുറം ജില്ലാ തലത്തിൽ ചോക്കാട് ഒന്നും ആലംകോട് രണ്ടും കരുളായി മൂന്നും സ്ഥാനത്തിർഹമായി. കോഴിക്കോട് ജില്ലാ തലത്തിൽ മേപ്പയ്യൂർ ഒന്നും ഇടച്ചേരി രണ്ടും അരിക്കുളം മൂന്നും സ്ഥാനത്തിനർഹമായി.
വയനാട് ജില്ലാ തലത്തിൽ അമ്പലവയൽ ഒന്നും തൊണ്ടർനാട് രണ്ടും മുപ്പൈനാട് മൂന്നും സ്ഥാനം കരസ്ഥമാക്കി. കണ്ണൂർ ജില്ലാ തലത്തിൽ അയ്യങ്കുന്ന് ഒന്നും പന്നിയന്നൂർ രണ്ടും പെരളശ്ശേരി മൂന്നും സ്ഥാനം നേടി. കാസർഗോഡ് ജില്ലാ തലത്തിൽ വെസ്റ്റ് എല്ലേരി ഒന്നും ബലാൽ രണ്ടും കിണാനൂർ കരിന്തലം മൂന്നും സ്ഥാനം നേടി.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന, ആർദ്രം പദ്ധതിയുടെ ഭാഗമായി വലിയ തോതിലുളള മുന്നേറ്റമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ, അനുബന്ധ മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആരോഗ്യവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയ്ക്ക് കരുത്തുപകരുവാനും ആർദ്ര കേരള പുരസ്‌കാരം വഴി കഴിഞ്ഞിട്ടുണ്ട്.