കൂടുതല്‍ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ ഗ്രാമീണ മേഖലയിലേക്ക്
കൊണ്ടുവരും: മന്ത്രി കെടി ജലീല്‍

മലപ്പുറം: കൂടുതല്‍ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ ഗ്രാമീണ മേഖലയിലേക്ക് കൊണ്ടുവരാന്‍ നടപടികള്‍ തുടങ്ങിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. സര്‍വ്വകലാശാല ക്യാമ്പസുകളില്‍ മാത്രമുണ്ടായിരുന്ന ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ താനൂര്‍ -തവനൂര്‍ അടക്കമുള്ള ഗ്രാമീണ മേഖലകളില്‍ ഇതിനകം തുടങ്ങാനായെന്നും അദ്ദേഹം പറഞ്ഞു. ഒഴൂരിലെ അഞ്ച് ഏക്കര്‍ 40 സെന്റ്  നിര്‍ദിഷ്ട ഭൂമിയില്‍ താനൂര്‍ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ക്യാമ്പസ് ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ഒരു ഇന്റഗ്രേറ്റഡ് കോഴ്സ് ചെയ്യുക എന്നത് രണ്ട് കോഴ്സുകള്‍ ചെയ്യുന്നതിന് തുല്യമാണ്. താനൂര്‍ ഗവ. കോളേജില്‍ നേരത്തെ അഞ്ച് കോഴ്സുകളാണുണ്ടായിരുന്നത്.  എന്നാലിപ്പോള്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് മലയാളം കോഴ്സ് കൂടി തുടങ്ങി. ചുരുങ്ങിയ വിലയ്ക്ക് കോളേജ് ക്യാമ്പസിനായി സ്ഥലം ഏറ്റെടുക്കാനായാത് വലിയ നേട്ടമാണെന്നും ഇതിനായി വി അബ്ദുറഹ്‌മാന്‍ എംഎല്‍എ ആത്മാര്‍ത്ഥമായ പരിശ്രമം നടത്തിയിട്ടുണ്ടെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു. ചടങ്ങില്‍ വി അബ്ദുറഹ്‌മാന്‍ എംഎല്‍എ അധ്യക്ഷനായി. കോളേജ് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള പി അബ്ദുല്‍ ഗഫൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റമാരായ കെ.എം മല്ലിക ടീച്ചര്‍, പി.പി സൈതലവി, ഒഴൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌കര്‍ കോറാട്, വാര്‍ഡ് അംഗങ്ങളായ ബാവു തറമ്മല്‍, പി.പി ചന്ദ്രന്‍, കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ. സിസി ബാബു, കിന്‍ഫ്ര ഡയറക്ടര്‍ ഇ. ജയന്‍, കോളേജ് ഡെവലപ്പ്മെന്റ് കമ്മിറ്റിയംഗം പ്രൊഫ വി.പി ബാബു, പിടിഎ വൈസ് പ്രസിഡന്റ് ആര്‍.വി അബ്ദുല്‍ നാസര്‍, നിറമരുതൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ടി ശശി, കെ നാരായണന്‍ മാസ്റ്റര്‍, ഫസല്‍, എ.പി സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ വിഘ്നേശ്വരി ഐഎഎസ് സ്വാഗതവും കോളേജ് യൂനിയന്‍ ചെയര്‍പേഴ്സണ്‍ കെ.ആഷിഫ  നന്ദിയും പറഞ്ഞു.