കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നിബന്ധനകള്‍ക്ക് വിധേയമായി കുറഞ്ഞ പലിശ നിരക്കില്‍ ലഘു വായ്പകള്‍ നല്‍കുന്നു.
പഞ്ചായത്തുതല കുടുംബശ്രീ സി.ഡി.എസുകള്‍ ശുപാര്‍ശ ചെയ്യുന്ന അയല്‍ക്കൂട്ടങ്ങള്‍ക്കാണ് വായ്പ അനുവദിക്കുന്നത്. രണ്ടര മുതല്‍ മൂന്നര ശതമാനം വരെ വാര്‍ഷിക പലിശയ്ക്ക് രണ്ടുഘട്ടമായി ഒരു സി.ഡി.എസിന് പരമാവധി രണ്ടു കോടി രൂപവരെ വായ്പയായി നല്‍കും. അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ കുറഞ്ഞത് 75 ശതമാനം മറ്റു പിന്നാക്ക വിഭാഗത്തിലോ ന്യൂനപക്ഷ വിഭാഗത്തിലോ പെട്ടവരായിരിക്കണം.
ഓരോ അയല്‍ക്കൂട്ടത്തിന്റെയും സാമ്പാദ്യ തുകയുടെയും നേരത്തെ എടുത്ത വായ്പ ബാധ്യതയുടെയും അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നത്. നിലവില്‍ വായ്പ എടുത്തിട്ടുള്ള സി.ഡി.എസുകള്‍ക്ക് ബാക്കി തുക അനുവദിക്കുന്നതിനായുള്ള അപേക്ഷയും സമര്‍പ്പിക്കാമെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്. സാബു അറിയിച്ചു.