ജസ്റ്റിസ് ആന്റണി ഡൊമിനിക്

കോടതികളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ പരാതിപ്പെടേണ്ട കാര്യമില്ലെന്നും ജനങ്ങള്‍ നിയമ സംവിധാനത്തെ കൂടുതല്‍ വിശ്വസിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് പറഞ്ഞു. കല്‍പ്പറ്റയില്‍ ജില്ലാ കോടതി സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുക എന്നത് കോടതികളുടെ ചുമതലയാണ്. നീതി ലഭ്യത വിദൂരസ്വപ്നമായി കാണുന്ന ഒരു വലിയ ജനവിഭാഗം ജീവിക്കുന്ന രാജ്യത്ത് അവരുടെ പ്രതീക്ഷകളായി പ്രവര്‍ത്തിക്കാന്‍ കോടതിയുടെ കീഴിലുള്ള ലീഗല്‍ സര്‍വ്വീസ് അതോറിറ്റികള്‍ക്ക് കഴിയണം. ഭരണഘടന വിഭാവനം ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്രധാന പങ്കാണ് ജുഡീഷറിക്കുള്ളത്. അതിനാല്‍ വേഗത്തില്‍ നീതി ലഭ്യമാക്കുന്നതില്‍ സബോര്‍ഡിനേറ്റ് കോടതികളുടെ ഉത്തരവാദിത്തം വലുതാണ്. ജുഡീഷ്യറി ഓഫീസര്‍മാരുടെ കുറവും കേസുകളുടെ എണ്ണവും ഇതിന് തടസ്സമാകരുതെന്നും ചീഫ് ജസറ്റിസ് പറഞ്ഞു.

കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു അദ്ധ്യക്ഷത വഹിച്ചു.എം.ഐ ,ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ അഡ്വക്കറ്റ്‌സ് ഡയറക്ടറിയുടെയും സുവിനീറിന്റെയും പ്രകാശനം എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു എന്നിവര്‍ നടത്തി. ജില്ലാ ജഡ്ജ് ഡോ.വി വിജയകുമാര്‍ സ്വാഗതവും കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ ശശികുമാര്‍ നന്ദിയും പറഞ്ഞു.പൊതുമരാമത്ത് ചീഫ് എഞ്ചിനിയര്‍ ഇ.കെ ഹൈദ്രു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അഡ്വ.കെ.രാജന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, കല്‍പ്പറ്റ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സനിത ജഗദീഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, കല്‍പ്പറ്റ സി.ജെ.എം കെ.എസ് മധു, ഡിസ്ട്രിക് ഗവ.പ്ലീഡര്‍ ജോസഫ് മാത്യൂ, ഡോ.പി രാജേന്ദ്രന്‍,വാണീദാസ്, പി.സുനില്‍കുമാര്‍, കോണ്‍ട്രാക്ടര്‍ ജയ്ജിത്ത് എന്നിവര്‍ സംബന്ധിച്ചു.

കോടതി പ്രവര്‍ത്തനം തുടങ്ങി
കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് സമീപം ആറ് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണ്ണം 5117 ചതുരശ്ര മീറ്ററാണ്. ഒന്നാം നിലയില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈം ട്രെബ്യൂണല്‍ കോടതിയും രണ്ടാം നിലയില്‍ ജില്ലാ കോടതിയും മൂന്നാം നിലയില്‍ മുന്‍സിഫ് കോടതിയും നാലാം നിലയില്‍ സി.ജെ.എം കോടതിയുമാണ് പ്രവര്‍ത്തിക്കുക. ഭാവിയില്‍ അനുവദിക്കുന്ന കോടതികള്‍ക്ക് വേണ്ടി അഞ്ചാമത്തെ നില ഉപയോഗിക്കും. ജുഡീഷ്യല്‍ സര്‍വ്വീസ് സെന്റര്‍, പി.പി ഓഫീസ്, ബാര്‍ അസോസിയേഷന്‍ ഹാള്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കും. ഇ-കോര്‍ട്ടിന് ആവശ്യമായ ആധുനിക സാങ്കേതിക വിദ്യയും ഈ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്..വിശാലമായ ലൈബ്രറിയും റെക്കോര്‍ഡ് റൂമും ഇവിടെയുണ്ട്. പൊതുമരാമത്ത് വകുപ്പ് 12.90 കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.