ഡ്രോപ്പ് ഔട്ട് ഫ്രി വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ മുഴുവന്‍ ആദിവാസി കോളനികളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ മെയ് 26 ന് സന്ദര്‍ശനം നടത്തുന്നു. കളക്‌ട്രേറ്റിലെ എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് തീരുമാനം. അടുത്ത വര്‍ഷത്തോടെ ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് പൂര്‍ണ്ണമായും ഇല്ലാത്താക്കുന്നതിന് വേണ്ടി രൂപീകരിച്ച പദ്ധതിയാണ് ഇത്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തുന്ന കോളനി സന്ദര്‍ശനത്തിന് ജില്ലയിലെ എം.എല്‍.എ മാര്‍ നേതൃത്വം നല്‍കും. പഞ്ചായത്ത്തലത്തില്‍ പരിപാടി ഏകോപിക്കാനായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.

ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ സ്ഥാനമൊഴിയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരിക്ക് യോഗത്തില്‍ യാത്രയപ്പ് നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ 2018 19 വാര്‍ഷിക പദ്ധതികളില്‍ കായിക വികസനം പദ്ധതി, പ്രതിഭ പിന്തുണ പദ്ധതി, സംരഭകത്വ ക്ലബുകളുടെ രൂപീകരണം, റിസോഴ്‌സ്‌പേഴ്‌സന്റെ സേവനം ഉപയോഗപ്പെടുത്തല്‍, തുടങ്ങിയവ ഉള്‍പ്പെടുത്തുന്ന വിഷയവും ജില്ലാ പദ്ധതി അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്തു.