കൊച്ചി: സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരത്തിലുളള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് ജില്ലാ പഞ്ചായത്തു മുഖേന നടപ്പിലാക്കിവരുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ക്ലാസിലേക്കും ആറാം ക്ലാസ് മുതല്‍ മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകളില്‍ ഒഴിവുളള സീറ്റുകളിലേക്കും 2018-19 അദ്ധ്യയന വര്‍ഷം പ്രവേശനം നല്‍കുന്നതിനായി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.
മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡിംഗ് സൗകര്യമുളള സ്വകാര്യ സ്‌കൂളുകളിലാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ ബോര്‍ഡിംഗില്‍ താമസിച്ചു വേണം പഠനം നടത്താന്‍. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 10-ാം ക്ലാസ് വരെയുളള മുഴുവന്‍ വിദ്യാഭ്യാസ ചെലവുകളും (ട്യൂഷന്‍ ഫീസ്, ടെക്സ്റ്റ് ബുക്കുകള്‍, നോട്ടുബുക്കുകള്‍, മറ്റ് പഠനോപകരണങ്ങള്‍, താമസ സൗകര്യം, ആഹാര ചെലവ്, പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനുളള ഫീസ്. യൂണിഫോം ഡ്രസ്. ഒരു വര്‍ഷം മൂന്നു തവണ സ്വന്തം വീട്ടീല്‍ പോയി വരുന്നതിനുളള യാത്രാബത്ത മുതലായവ) സൗജന്യമാണ്.
ജാതി, വരുമാനം, വര്‍ഷാവസാന മാര്‍ക്ക് എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ മെയ് 31 ന് മുമ്പായി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം.
ജില്ലയിലെ പഞ്ചായത്തു പ്രദേശക്കാരായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കാണ് ഇതു പ്രകാരം അപേക്ഷിക്കുവാന്‍ അര്‍ഹതയുളളത്.