• സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും
കാക്കനാട്: നിപ്പാ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ സ്വകാര്യ ഡോക്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതടക്കമുള്ള പ്രതിരോധ നടപടികള്‍ ജില്ലാ ഭരണകൂടം കൈക്കൊണ്ടതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു. സംസ്ഥാനത്ത് നിപ്പാ വൈറസ്  പനി മൂലമുള്ള മരണങ്ങള്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിന് കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് വിവിധ വകുപ്പുതലവന്‍മാരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
സ്വകാര്യ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും. വൈറസ് ആക്രമണം സ്ഥിരീകരിച്ച കോഴിക്കോട് ജില്ല സന്ദര്‍ശിച്ച് കേന്ദ്ര സംഘം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നടപടികള്‍ ആസൂത്രണം ചെയ്യും. രോഗത്തെ കുറിച്ച് സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണങ്ങള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്നതായി കളക്ടര്‍ അഭിപ്രായപ്പെട്ടു. സാധാരണ പനിയെയും നിപ്പാ വൈറസ് ബാധയായി ചിത്രീകരിക്കുന്നുണ്ട്.  ഇക്കാര്യത്തില്‍ വസ്തുതകള്‍ ബന്ധുക്കളെ ബോധ്യപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ ശ്രദ്ധിക്കണം.
ജില്ലയില്‍ ഇതുവരെ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ സമീപ ജില്ലകളില്‍ നിന്നും വിദഗ്ദ്ധ ചികിത്സക്ക് രോഗികളെ കൊണ്ടുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.  ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ആശുപത്രി അധികൃതരോട് നിര്‍ദ്ദേശിച്ചു.
മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.
അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. അതിനാല്‍ രോഗിയെ പരിചരിക്കാന്‍ ഒന്നിലധികം പേര്‍ നില്‍ക്കരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനുശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം.
അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.  മാസ്‌ക്, കൈയുറ, ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗികേണ്ടതാണ്.  വായുവിലെ
സൂക്ഷ്മമായ കണങ്ങള്‍ തടയാന്‍ കഴിയുന്ന ഗുണമേന്‍മയുള്ള മാസ്‌കുകള്‍ രക്തവും സ്രവങ്ങളും മറ്റും പരിശോധനക്ക് എടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുള്ള ഇടപെടല്‍ വേളയിലും ഉറപ്പാക്കണം.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.  കോഴിക്കോട് ഒരേ കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ വവ്വാലുകളുടെ ആവാസ കേന്ദ്രമായ വീട്ടു കിണര്‍ വൃത്തിയാക്കാനിറങ്ങിയതാണ് വൈറസ് ബാധയേല്‍ക്കാന്‍ കാരണമായതെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.  കിണര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വലയുപയോഗിച്ച് മൂടിയിട്ടുണ്ട്.
പനി, ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളുമായി ചികിത്സക്കെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദ്ദേശിച്ചു.  രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണം. രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും ഇടപെടുമ്പോഴും  കൈയുറകളും മാസ്‌കും ധരിക്കണം. സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കണം.  വൈറസ് ബാധയുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വവ്വാലുകള്‍ കടിച്ച ചാമ്പക്ക, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങള്‍ ഒഴിവാക്കണം.
നിപ്പാ വൈറസ് പ്രതിരോധത്തോടൊപ്പം തന്നെ മഴക്കാല രോഗങ്ങള്‍  പടര്‍ന്നു പിടിക്കുന്നത് തടയുന്നതിലും  ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങളുടെയും മറ്റും ടെറസ്, സണ്‍ഷേയ്ഡ് തുടങ്ങിയ ഇടങ്ങളില്‍ കൊതുകിന്റെ പ്രജനനം വളരെ കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  ഓരോരുത്തരും വീടും പരിസരവും വൃത്തിയാക്കി പരിസര ശുചിത്വം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എ.ഡി.എം എം.കെ. കബീര്‍, ഡെപ്യൂട്ടി കളക്ടര്‍ ഷീലാദേവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, അഡീ.ഡി.എം.ഒ. ഡോ. ശ്രീദേവി എസ്, ജില്ലാ മലേറിയ ഓഫീസര്‍ സുമയ്യ എം, മെഡിക്കല്‍ കോളേജ് ആര്‍.പി.ഇ.ഐ.ഡി. സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബിന്ദു വാസുദേവന്‍, പെരുമ്പാവൂര്‍ നഗരസഭ സെക്രട്ടറി സതീശന്‍, ആസ്റ്റര്‍ മെഡിസിറ്റി ഐ.ഡി. കണ്‍സള്‍ട്ടന്റ് ഡോ. അനൂപ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, ശുചിത്വ മിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ബില്‍സി ദേവി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി. ജയചന്ദ്രന്‍, ഹരിത കേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.