കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട 1104 പേര്‍ക്ക് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ അവശ്യ സര്‍വ്വീസ് വിഭാഗം വോട്ടര്‍മാരുള്ളത്- 579 പേര്‍. മഞ്ചേശ്വരം മണ്ഡലത്തില്‍ 10 പേരും കാസര്‍കോട് മണ്ഡലത്തില്‍ 72 പേരും ഉദുമ മണ്ഡലത്തില്‍ 209 പേരും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 234 പേരുമാണ് അവശ്യ സര്‍വ്വീസ് വിഭാഗത്തിലുള്ള വോട്ടര്‍മാര്‍. ഇവര്‍ക്ക് മാര്‍ച്ച് 28, 29, 30 തീയതികളില്‍ പ്രത്യേക വോട്ടിംഗ് കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാം.

അതത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ക്രമീകരിച്ച പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെട്ട അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുക. ആബസന്റീസ് വോട്ടര്‍മാര്‍ക്ക് അവരുടെ സര്‍വ്വീസ് ഐഡി കാര്‍ഡോ വോട്ടര്‍ ഐഡി കാര്‍ഡോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളോ സഹിതം പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാം. പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലെ നടപടി ക്രമങ്ങള്‍ വീക്ഷിക്കുന്നതിന്സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ ഏജന്റുമാരെ നിയോഗിക്കാം.

നിയോജക മണ്ഡലം, പോസ്റ്റല്‍ വോട്ടിങ് കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു:
മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം (ഗ്രൗണ്ട് ഫ്ളോര്‍ റൂം നമ്പര്‍ 7)
കാസര്‍കോട്: റവന്യു ഡിവിഷണല്‍ ഓഫീസ്, പോര്‍ട്ട് ഓഫീസ് ബില്‍ഡിങ്
ഉദുമ: ഉദുമ ഗവ. എല്‍ പി സ്‌കൂള്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം
തൃക്കരിപ്പൂര്‍: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം

പോസ്റ്റല്‍ വോട്ടിങ്ങ് കേന്ദ്രങ്ങളിലെ നടപടി ക്രമങ്ങള്‍:

· തപാല്‍ ബാലറ്റ് പേപ്പര്‍ നല്‍കുന്നതിന് മുമ്പ് പോളിങ് ഉദ്യോഗസ്ഥര്‍ സമ്മതിദായകന്റെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണം.
· വോട്ടര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഫോം 13 ഡിയുടെ ഒരു കോപ്പി ഓരോ പോസ്റ്റല്‍ വോട്ടിങ്ങ് കേന്ദ്രത്തിലും ഉണ്ടാകണം.
· സമ്മതിദായകന്റെ പേരും തിരിച്ചറിയലിനായി സമര്‍പ്പിക്കുന്ന തിരിച്ചറിയല്‍ രേഖാ വിവരങ്ങളും രേഖപ്പെടുത്തുന്ന രജിസ്റ്ററില്‍ സമ്മതിദായകന്റെ ഒപ്പ് രേഖപ്പെടുത്തണം.
· വോട്ട് ചെയ്തുവെന്ന് രേഖപ്പെടുത്തുന്നതിന് ലിസ്റ്റില്‍ ശരി അടയാളപ്പെടുത്തണം. സമ്മതിദായകന്റെ ക്രമനമ്പറും ഭാഗനമ്പറും രേഖപ്പെടുത്തിയ കൗണ്ടര്‍ഫോയില്‍ വേര്‍പെടുത്തി പോളിങ് ഉദ്യോസ്ഥരുടെ സംഘം സുരക്ഷിതമായി സൂക്ഷിക്കണം.
· പോളിങ് ഓഫീസര്‍ ഫോം 13 എ യില്‍ സത്യവാങ്മൂലം വാങ്ങി പോളിങ് ഓഫീസര്‍ തന്നെ അത് സാക്ഷ്യപ്പെടുത്തണം.
· സമ്മതിദായകന്‍ പോസറ്റല്‍ ബാലറ്റിന്റെ സീരിയല്‍ നമ്പര്‍ ഫോം 13 എ യിലും 13 ബിയിലും കൃത്യമായി രേഖപ്പെടുത്തണം.
· പോസ്റ്റല്‍ വോട്ടിങ്ങ് കേന്ദ്രങ്ങളില്‍ സജ്ജീകരിച്ച വോട്ടിങ്ങ് കംപാര്‍ട്ട്‌മെന്റ്ില്‍ വെച്ച് വോട്ട് രേഖപ്പെടുത്താം.
· പോസറ്റല്‍ ബാലറ്റ് പേപ്പറില്‍ സമ്മതിദായകന്‍ വോട്ടു രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ കോളത്തിന് നേരെ ശരി ചിഹ്നമോ തെറ്റ് ചിഹ്‌നമോ രേഖപ്പെടുത്തണം.
· ന്മ വോട്ട് ചെയ്തതിന് ശേഷം ബാലറ്റ് പേപ്പര്‍ ചെറിയ കവറിനകത്ത് ഇട്ട് സമ്മതിദായകന്‍ കവര്‍ ഒട്ടിക്കണം. സത്യപ്രസ്താവനയിലെ സമ്മതിദായകന്റെ ഒപ്പ് പോളിങ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. ഇത് രണ്ടും ഒരു വലിയ കവറിലാക്കി ഒട്ടിച്ച ശേഷം പോസ്റ്റല്‍ വോട്ടിങ്ങ് കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കണം.
· ഓരോ ദിവസത്തെയും പോളിങ് പൂര്‍ത്തിയായ ശേഷം ഉദ്യോഗസ്ഥര്‍ പെട്ടിയില്‍ നിക്ഷേപിച്ചിരിക്കുന്ന ഫോം 13 സി പുറത്തെടുത്ത് ഒരു വലിയ കവറിലാക്കി കവറിന് പുറത്ത് പോസ്റ്റല്‍ ബാലറ്റ്‌സ് ഇന്‍ പിവിസി എന്ന് രേഖപ്പെടുത്തണം. നിയമസഭാ മണ്ഡലം, പോസ്റ്റല്‍ വോട്ടിങ്ങ് കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം, തീയ്യതി, ആകെ ഫോം 13 സി എണ്ണം എന്നീ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സീല്‍ ചെയ്യണം.

കോവിഡ് മാനദണ്ഡങ്ങള്‍ മുഖ്യം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണത്് പരമപ്രധാനമാണ്. അതിനായി പോളിംഗ് ഉദ്യോഗസ്ഥര്‍
· ഓരോ പോളിങ് ബൂത്തിലും തെര്‍മല്‍ സ്‌കാനിങ്ങ് ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
· ബ്രേക്ക് ദ ചെയ്ന്‍ ഉറപ്പാക്കുന്നതിനായി ഓരോ ബൂത്തിലും 200 മില്ലി ലിറ്റര്‍ ഹാന്‍ഡ് വാഷും 500 മില്ലി ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറും 10 എണ്ണം വീതം അടങ്ങിയ ബ്രേക്ക് ദ ചെയിന്‍ കിറ്റ് ഉറപ്പാക്കേണ്ടതാണ്.
· എല്ലാ പോളിംഗ് ബൂത്തിന്റെയും പ്രവേശന കവാടത്തില്‍ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി തെര്‍മ്മല്‍ സ്‌കാന്‍ സൗകര്യം ഒരുക്കണം.
· ക്യൂവില്‍ നില്‍ക്കുന്നവര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി അകലം അടയാളപ്പെടുത്തി വെക്കേണ്ടതാണ്.
· 15 മുതല്‍ 20 വരെ ആളുകള്‍ക്ക് ഒരേ സമയം നില്‍ക്കുന്നതിനായി സ്ഥല ലഭ്യത അനുസരിച്ച് 6 അടി ദൂരം അകലത്തില്‍ അടയാളപ്പെടുത്തേണ്ടതാണ്.
· എല്ലാ പോളിങ് സ്റ്റേഷന്റേയും പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും സോപ്പും വെള്ളവും ലഭ്യമാക്കേണ്ടതാണ്.
· എല്ലാ പോളിങ് സ്റ്റേഷന്റേയും പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും സാനിറ്റൈസര്‍ ലഭ്യമാക്കേണ്ടതാണ്.