പത്തനംതിട്ട: ജില്ലയിലെ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മഹാമാരിയെ പ്രതിരോധിക്കുന്നതിന് എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ച്ച കാലയളവില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന 23 തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ കൂടുതല്‍ സജ്ജീവമാക്കണം. പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ അവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയും പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ക്വാറന്റൈനില്‍ ഇരിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. മെഡിക്കല്‍ ഓഫീസറുടെ സഹകരണത്തോടു കൂടി വ്യാപാരികള്‍, തൊഴിലാളികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ ബോധവത്ക്കരണ യോഗം സംഘടിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ദിവസേന ഒന്നിലധികം തവണ മൈക്ക് അനൗണ്‍സ്മെന്റ് നടത്തണം.
സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ സന്ദര്‍ശിക്കണം. പോലീസ്, എന്‍ഫോഴ്സ്മെന്റ് ടീമിന്റെ സഹായം ഉറപ്പു വരുത്തണം. സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍ക്കു പുറമെ താലൂക്ക് തലത്തിലും പ്രത്യേക ടീം രൂപീകരിക്കണം. ഈ ടീം രാത്രികാലങ്ങളില്‍ ഉള്‍പ്പടെ നിരീക്ഷണം നടത്തണം. കടകള്‍ രാത്രി ഒന്‍പതിനു തന്നെ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തഹസില്‍ദാര്‍മാര്‍, പോലീസ്, സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
എല്ലാവരും കൂട്ടായ പ്രവര്‍ത്തനം കാഴ്ച്ചവച്ചാല്‍ കോവിഡ് കേസുകള്‍ പരമാവധി കുറയ്ക്കാന്‍ സാധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ രോഗ ഉറവിടം കണ്ടെത്തിയാല്‍ രോഗം കൂടുതല്‍ ആളുകളിലേക്ക് പകരാതെ രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ആനിക്കാട്, മലപ്പള്ളി, അയിരൂര്‍, കുറ്റൂര്‍, റാന്നി പെരുനാട്, നാറാണംമൂഴി, നെടുമ്പ്രം, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മേധാവിയും പന്തളം, തിരുവല്ല മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍മാരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും വാക്‌സിന്‍ വിതരണത്തേ കുറിച്ചും യോഗത്തില്‍ സംസാരിച്ചു.
ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ, കോട്ടാങ്ങല്‍, സീതത്തോട്, നെടുമ്പ്രം, കവിയൂര്‍, നാറാണംമൂഴി, കുറ്റൂര്‍, വെച്ചൂച്ചിറ, കുന്നന്താനം, പുറമറ്റം, റാന്നി പെരുനാട്, കോയിപ്രം, പള്ളിക്കല്‍, ഇരവിപേരൂര്‍, കോന്നി, അയിരൂര്‍, കോഴഞ്ചേരി എന്നീ പഞ്ചായത്തുകളിലും പത്തനംതിട്ട, അടൂര്‍, പന്തളം, തിരുവല്ല എന്നീ നഗരസഭകളിലുമാണ് കൂടുതലായും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, തിരുവല്ല ആര്‍ഡിഒ പി. സുരേഷ്, അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ഐ. ജ്യോതിലക്ഷ്മി, എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, ഡിഡിപി എസ്. ശ്രീകുമാര്‍, ഡെപ്യുട്ടി ഡിഎംഒ ഡോ.സി.എസ്. നന്ദിനി, ഡിവൈഎസ്പിമാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.