സംസ്ഥാനസര്‍ക്കാര്‍ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി  ജില്ലാതല സംഘാടകസമിതി ജില്ലയുടെ രൂപീകരണദിനത്തില്‍ കാസര്‍കോട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ വിഷയാവതരണവും  ജനപങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധേയമായി. വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ മേഖലകളിലും ടൂറിസം രംഗത്തും ജില്ലയുടെ പ്രധാന പരാതികളും പരിമിതികളും ജില്ലാകളക്ടര്‍  ജീവന്‍ബാബു കെ  മുഖ്യവിഷയാവതരണത്തില്‍  ചൂണ്ടിക്കാട്ടുകയുണ്ടായി.
ഭക്ഷ്യസംസ്‌കരണ മേഖലയിലെ  തൊഴില്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍  പ്രഭാഷണം നടത്തിയ  കേരള ദിനേശ്ബീഡി  ചെയര്‍മാനും  വ്യവസായ വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടറുമായ   സി രാജന്‍ വിഭവങ്ങളെ ഉപയോഗപ്പെടുത്തി പരിമിതികള്‍ അതിജീവിക്കുന്നതിലെ  അശ്രദ്ധയിലാണ് പ്രധാനമായും ഊന്നല്‍ നല്‍കിയത്.  ദിനേശ് ഉല്‍പ്പന്നങ്ങളുടെ  അസാമാന്യമായ  ഗുണമേന്മകളും തെളിവുസഹിതം  അദ്ദേഹം ഉദാഹരിച്ചു.  മനസ്സുണ്ടെങ്കില്‍ മാറാനും മാറ്റിയെടുക്കാനും വളരെ കുറഞ്ഞ വിഭവങ്ങളെ ഉപയോഗപ്പെടുത്തി  ഏറെ മെച്ചപ്പെട്ട ഉല്‍പ്പന്ന സൃഷ്ടി യാഥാര്‍ത്ഥ്യമാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് നോര്‍ക്ക മുന്‍ സിഇഒ കെ ടി ബാലഭാസ്‌കര്‍ കാസര്‍കോടന്‍ പ്രവാസി സമൂഹം-വികസന സാധ്യതകള്‍ എന്ന വിഷയത്തിലൂന്നി പ്രഭാഷണം നടത്തി.  കാസര്‍കോട് ജില്ലില്‍ പ്രവാസി സമൂഹം കൂടുതലാണെങ്കിലും പ്രവാസി ക്ഷേമനിധിയുടെ കാര്യത്തില്‍ ശ്രദ്ധാലുക്കളാണെന്ന് പറയാനാവില്ലെന്ന് പറഞ്ഞു.  രണ്ടു വര്‍ഷമെങ്കിലും  ഗള്‍ഫില്‍ ജോലി ചെയ്തവര്‍  പ്രവാസിക്ഷേമനിധി അംഗത്വം നേടി ആനുകൂല്യത്തിന്  അര്‍ഹരാവണം. ഇതിന്  പ്രവാസി സംഘടനകള്‍ ജാഗരൂകമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലകളെ അതിന്റെ ഗൗരവതരമായ തലങ്ങളിലൂന്നി പ്രവര്‍ത്തന സജ്ജമാകാന്‍ വിടേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസമേഖല- ജില്ലയുടെ സാധ്യതകള്‍, പരിമിതികള്‍  എന്ന വിഷയം സംബന്ധിച്ച് പ്രഭാഷണം നടത്തിയ  കേരള കേന്ദ്രസര്‍വകലാശാല  വൈസ്ചാന്‍സലര്‍  ഡോ. ജി ഗോപകുമാര്‍ പറഞ്ഞു. കരിയര്‍ ബോധമില്ലായ്മയാണ് ഉത്തരമലബാറിന്റെ പ്രശ്‌നം.  പഠിച്ച്  നേടേണ്ടതിനു പകരം പഠിച്ച് വീഴുന്നവരെ സൃഷ്ടിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം വികസന സ്വപ്നങ്ങള്‍ സംബന്ധിച്ച്  വിഷയാവതരണം നടത്തിയ  ബിആര്‍ഡിസി എംഡി ടികെ മന്‍സൂര്‍ആയിരം വിദേശസഞ്ചാരികള്‍ കേരളത്തിലെത്തുമ്പോള്‍ അവരില്‍ ഒരാളാണ് കാസര്‍കോടെത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി. ഇവിടുത്തെ  ടൂറിസം സാധ്യതകള്‍ സംബന്ധിച്ച വിനിമയം ഇല്ലാത്തതും അവയുടെ  വളര്‍ച്ച നാടിന്റെ വളര്‍ച്ചയായി ഉപയോഗപ്പെടുത്താന്‍ കഴിയാത്തതുമാണ് ഇതിനു കാരണമെന്നദ്ദേഹം പറഞ്ഞു.