ഇടുക്കി:  ജില്ലയിലെ പ്രധാന മീഡിയ സെന്റര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കും. ഇതിനു പുറമേ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും.

അതോറിറ്റി ലെറ്റര്‍ ലഭിച്ചവരില്‍ കോവിഡ് പരിശോധനാ ഫലമോ രണ്ടു ഡോസ് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

ട്രെന്‍ഡ്സ് ടിവി എന്ന വെബ്സൈറ്റ് മുഖേനയാണ് ജില്ലാ മീഡിയ സെന്ററില്‍ വിവരങ്ങള്‍ ലഭ്യമാകുക. ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും കൗണ്ടിംഗ് കേന്ദ്രത്തില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ ആപ്ലിക്കേഷനില്‍ വരണാധികാരികള്‍ എന്റര്‍ ചെയ്യുന്ന വിവരങ്ങളാണ് ഇന്‍ഫോഗ്രാഫിക്സ് ഉള്‍പ്പെടെ ട്രെന്‍ഡ്സ് ടിവിയില്‍ പ്രദര്‍ശിപ്പിക്കുക.

ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കേരള ഐടി മിഷനാണ് ജില്ലയില്‍ ഇതിനുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ നടത്തുന്നത്.

പൊതുജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ ഫലങ്ങള്‍ Voter helpline എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും https://results.eci.gov.in/ എന്ന ലിങ്കിലൂടെയും തത്സമയം അറിയാനാകും.