കണ്ണൂർ: കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ മൃഗാശുപത്രികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മൃഗചികിത്സയുമായി ബന്ധപ്പെട്ട  സേവനങ്ങള്‍ക്ക് ഡോക്ടര്‍മാരുമായി ഫോണില്‍ ബന്ധപ്പെടാം.  അത്യാവശ്യ സാഹചര്യത്തില്‍ മാത്രം നേരിട്ട് ആശുപത്രികളില്‍ എത്താം. കണ്ടെയിന്‍മെന്റ് സോണിലുള്ളവര്‍ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കണം.

മൃഗാശുപത്രിയിലെത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ആശുപത്രിയില്‍ എത്തിച്ചേരുന്നവര്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. മൃഗങ്ങള്‍ക്കൊപ്പം ഒരാള്‍ക്ക് മാത്രമേ അകത്ത് പ്രവേശനമുള്ളൂ. ആശുപത്രി കോമ്പൗണ്ടിനകത്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും ഒഴിവാക്കണമെന്ന് ജില്ലാ മൃഗാസംരക്ഷ ഓഫീസര്‍ അറിയിച്ചു.
കണ്ടെയിന്‍മെന്റ് സോണിലുള്ള കര്‍ഷകര്‍ക്ക് ആവശ്യം വരികയാണെങ്കില്‍ ഫോണ്‍മുഖാന്തരം വിവരം മൃഗാശുപത്രിയില്‍ അറിയിക്കണം. ഭവന സന്ദര്‍ശനം ആവശ്യമായ ഘട്ടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങളോടെ ഡോക്ടറുടെ സേവനം ലഭ്യമാക്കും.

കര്‍ഷകര്‍ അതത് പ്രദേശത്തെ മൃഗാശുപത്രിയിലെ സേവനം തന്നെ ഉറപ്പാക്കേണ്ടതാണ്. കോവിഡ് മൂലം സ്വന്തം പ്രദേശത്തെ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍ നിന്നും സേവനം ഉറപ്പാക്കാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നായ്കള്‍ക്കും പൂച്ചകള്‍ക്കുമുള്ള പ്രതിരോധ വാക്സിനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കണ്ടെയിന്‍മെന്റ് സോണുകളിലെ കന്നുകാലികളുടെ ഗര്‍ഭധാരണത്തിനുള്ള കുത്തിവെപ്പ്, ഗര്‍ഭ പരിശോധന എന്നിവ ഒഴിവാക്കണം.

മൃഗാശുപത്രികളിലെ സേവനങ്ങളുടെ ക്രമീകരണങ്ങള്‍,  മുന്‍ഗണന ക്രമീകരണങ്ങള്‍ എന്നിവ അതത് പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ അനുസരിച്ച് മാറ്റം വരുത്തുന്നതാണെന്നും ജില്ലാ മൃഗാസംരക്ഷ ഓഫീസര്‍ അറിയിച്ചു.
അവശ്യ സേവനം ഉറപ്പാക്കുന്നതിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും അവധി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെയും 0497 2700184 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.