എറണാകുളം: ലോക്ക് ഡൗൺ ആരംഭിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് ഭക്ഷ്യ കിറ്റുകളുടെ വിതരണം ഉടൻ പൂർത്തീകരിക്കാൻ തീരുമാനം.അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ജില്ലാ തല മോണിറ്ററിംഗ് കമ്മറ്റിയുടെ യോഗം ഓൺലൈനായി ചേർന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഭക്ഷണ കിറ്റുകളുടെ വാർഡ്തല വിതരണം, പ്രചരണം, വോളണ്ടിയർമാരുടെ സേവനം ലഭ്യമാക്കൽ തുടങ്ങിയവ യോഗം വിലയിരുത്തി. എറണാകുളം ജില്ലയ്ക്കായി 5000 ഭക്ഷ്യ കിറ്റുകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. സപ്ലൈകോയാണ് കിറ്റുകൾ തയാറാക്കുന്നത്.

രണ്ടാഴ്ചത്തേക്കാവശ്യമായ ഭക്ഷ്യസാധനങ്ങളാണ് കിറ്റിലുണ്ടാകുക. അരി, കടല, ആട്ട, ഉപ്പ്, സൺ ഫ്ളവർ ഓയിൽ, പരിപ്പ്, സവാള, ഉരുളക്കിഴങ്ങ്, മുളകുപൊടി, അഞ്ച് മാസ് കുകൾ എന്നിങ്ങനെ പത്ത് ഇനങ്ങളാണ് കിറ്റിലുള്ളത്.

എറണാകുളം ജില്ലയിൽ ശനിയാഴ്ച 97 അതിഥി തൊഴിലാളി ക്യാമ്പുകൾ ജില്ലാ ലേബർ ഓഫീസർ, അസി. ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ലോക്ക് ഡൗൺ ആരംഭിച്ച സാഹചര്യത്തിൽ പരമാവധി തൊഴിലാളികളെ നേരിൽ കണ്ട് സ്വീകരിക്കേണ്ട മുൻകരുതലിനെ സംബന്ധിച്ച് സംസാരിച്ചു. കോവിഡ് വ്യാപനത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടാൽ ‘ജില്ലാ ലേബർ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണെന്നും തൊഴിലാളികളെ അറിയിച്ചു.

ഹെൽപ്പ് ലൈൻ നമ്പറുകളടങ്ങുന്ന പോസ്റ്ററുകൾ തൊഴിലാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നുണ്ട്. തൊഴിലിടങ്ങളിലും ക്യാമ്പുകളിലും ഗുണനിലവാരമുള്ള മാസ്കുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുവായ ശുചിത്വത്തെക്കുറിച്ചും വിശദമായി വിവിധ ഭാഷകളിൽ ബോധവൽക്കരണം നടത്തി. തൊഴിലാളികൾക്കാവശ്യമായ മാസ്ക്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കണമെന്നും രോഗലക്ഷണമുള്ള തൊഴിലാളികൾക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണമെന്നും തൊഴിൽ ഉടമകൾക്ക് നിർദ്ദേശം നൽകി.

ജില്ലയിൽ 29427 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. ജില്ലാ ലേബർ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജീവമാണ്.ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് ജില്ലാ നോഡൽ ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടർ (എൽ ആർ ) പുരുഷോത്തമൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കൂടിയായ ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസ് സംസാരിച്ചു.