കാസർഗോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കോവിഡ് 19 വാര്‍ റൂം, ഹെല്‍പ് ഡെസ്‌ക് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. പഞ്ചായത്ത് നഗരസഭാതല കൊറോണ കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ഗതാഗത പ്ലാന്‍ ഉണ്ടാക്കി. എല്ലാ പഞ്ചായത്തുകളിലും ആംബുലന്‍സ് സേവനം തിങ്കളാഴ്ചയോടെ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും യോഗം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

പ്രധാന തിരുമാനങ്ങള്‍

ജില്ലയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് ചികിത്സ, ഓക്‌സിജന്‍ ലഭ്യത, കരുതല്‍ ഓക്‌സിജന്‍ എന്നിവ ഉറപ്പാക്കുന്നതിന് തദ്ദേശ സ്ഥാപന പ്രസിഡണ്ടുമാരുടേയും സെക്രട്ടറിമാരുടേയും യോഗം തീരുമാനിച്ചു. മാഷ് പദ്ധതി അധ്യാപകരെ ഉള്‍പ്പെടുത്തി ജില്ലയില്‍ മുഴുവന്‍ വാര്‍ഡ്തല ജാഗ്രതാ സമിതികളുടേയും പ്രവര്‍ത്തനം രണ്ടു ദിവസത്തിനകം കൂടുതല്‍ കാര്യക്ഷമമാക്കും. വാര്‍ഡിലെ കോവിഡ് ബാധിതര്‍, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നിവരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. കോവിഡ് പരിശോധന എണ്ണം കൂടുന്നതിന് മുന്‍ഗണന നല്‍കും. ടെസ്റ്റ് പോസിറ്റിവിറ്റിറേറ്റ് അമ്പതില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കും.
സജ്ജമാക്കിയ 41 ഡൊമിസിലറി കെയര്‍ സെന്ററുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കും.
വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ലോക്ഡൗണില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിന് ജനകീയ ഹോട്ടലുകളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കും.

ജില്ലാ പഞ്ചായത്ത് 2000 ഓക്‌സി മീറ്ററുകള്‍ ലഭ്യമാക്കും. ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെടുത്തി ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

യോഗത്തില്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു, ജില്ല പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍,. ഗ്രാമബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.