എറണാകുളം: ഉയർന്ന കോവിഡ് രോഗസ്ഥിരീകരണ നിരക്കുള്ള ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കണ്ടെയ്ൻമെൻറ് സോണുകളാക്കുവാൻ ജില്ലാ ദുരന്തനിവാരണ അതോറ്റി യോഗത്തിൽ തീരുമാനിച്ചു. രോഗസ്ഥിരീകരണ നിരക്കിന് പുറമേ മറ്റ് ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽക്കൂടിയാകും ആരോഗ്യ വകുപ്പ് കണ്ടെയ്ൻമെൻറ് സോണുകളാക്കുവാൻ നിർദ്ദേശിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ തന്നെ ഇത്തരം പ്രദേശങ്ങളുടെ വിവരങ്ങൾ തയ്യാറാക്കി ആരോഗ്യവകുപ്പ് ദുരന്തനിവാരണ അതോറ്റിക്ക് കൈമാറും.ജില്ലയിലെ വിവിധ ഫിഷിംഗ് ഹാർബറുകളുടെ പ്രവർത്തനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് ഉറപ്പാക്കും. അല്ലാത്ത പക്ഷം ഹാർബർ അടയ്ക്കേണ്ട സ്ഥിതി ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.
മുനമ്പം ഹാർബറിലെ തൊഴിലാളികൾക്ക് കോവിഡ് പരിശോധനക്കായുള്ള സൗകര്യം ഒരുക്കും. തൊഴിലാളികൾക്ക് ആന്റിജൻ പരിശോധന നിർബന്ധമാക്കും. ഫിഷറീസ്, ആരോഗ്യ വകുപ്പ്, പോലീസ് എന്നീ വകുപ്പുകൾ സംയുക്തമായി ഹാർബറുകൾക്കായുള്ള വിശദമായ മാർഗരേഖ തയ്യാറാക്കും.
അമ്പലമുഗളിലെ താത്കാലിക ഗവ. കോവിഡ് ആശുപത്രിയിൽ കൂടുതൽ ഓക്സിജൻ കിടക്കകൾ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ മറ്റ് ജില്ലകളിൽ നിന്നുള്ള രോഗികൾക്കും ഇവിടെ ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ആശുപത്രിയിലെ വർദ്ധിപ്പിച്ച സൗകര്യങ്ങളുടെ ഫയർ ഓഡിറ്റ് ബുധനാഴ്ച പൂർത്തിയാകും.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി നിയോജകമണ്ഡല അടിസ്ഥാനത്തിൽ ഏകോപന ചുമതയ്ക്കായി ഉദ്യോഗസ്ഥനെ നിയമിക്കും. ചെല്ലാനത്ത് കടൽ ഭിത്തിയായി ഉപയോഗിക്കുന്നതിന് കൊച്ചി തുറമുഖത്ത് നിന്നുള്ള സിമെന്റ് ചാക്കുകൾ എത്തിക്കുന്നതിനും യോഗത്തിൽ നിർദ്ദേശം നൽകി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽ കുമാർ, പോലീസ്, ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.