എറണാകുളം : ജില്ലയിൽ കടുങ്ങല്ലൂർ പഞ്ചായത്തിൽ കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എടയാർ വ്യവസായ മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പ് ഉദ്യാേഗസ്ഥർ സന്ദർശനം നടത്തി.
എടയാർ ചെറുകിട വ്യവസായ അസോസിയേഷൻ ഭാരവാഹികളെ നേരിൽ കണ്ട് തൊഴിലാളികൾ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇതിനായി ഷിഫ്റ്റ് സമയത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തണമെന്നും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ഉടമകൾക്ക് നിർദ്ദേശം നൽകി.
എല്ലാ തൊഴിലാളികൾക്കും ഗുണനിലവാരമുള്ള മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികൾ ലഭ്യമാക്കണമെന്നും നിർദ്ദേശിച്ചു. റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി.സുരേഷ് കുമാർ ഡെപ്യൂട്ടി ലേബർ കമ്മീഷണർ ആർ ഹരികുമാർ ജില്ലാ ലേബർ ഓഫീസർ പി എം ഫിറോസ് അസിസ്റ്റന്റ് ലേബർ ഓഫീസർ ജോസി ടി.വി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.