പഴകുറ്റി മംഗലാപുരം റോഡ് നിർമാണം 20നകം ആരംഭിക്കും

നെടുമങ്ങാട് മണ്ഡലത്തിലെ കിഫ്ബി ധനസഹായത്തോടെയുള്ള റോഡുകളുടെയും കോളേജ് കെട്ടിടത്തിന്റേയും നിർമാണം സംബന്ധിച്ച അവലോകന യോഗം ഭക്ഷ്യമന്ത്രി ജി. ആർ. അനിലിന്റെ അധ്യക്ഷതയിൽ ഓൺലൈനായി നടന്നു. പഴകുറ്റി  മംഗലാപുരം റോഡിന്റെ നിർമാണം 20 നകം ആരംഭിക്കാൻ മന്ത്രി നിർദ്ദേശിച്ചു. 19.88 കിലോമീറ്ററാണ് പദ്ധതി. ഒന്നാം ഘട്ടത്തിലെ പഴകുറ്റി മുതൽ മുക്കം പാലമൂട് വരെയുള്ള ഏഴു കിലോമീറ്റർ റോഡിന്റെ നിർമാണമാണ് ഉടൻ ആരംഭിക്കുന്നത്. പുറമ്പോക്ക് ഉൾപ്പെടെയുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിയും ആരംഭിക്കും.

വഴയില പഴയകുറ്റി റോഡിന്റെ സാമൂഹ്യാഘാത പഠന റിപ്പോർട്ടിനുള്ള പബ്‌ളിക് ഹിയറിംഗ് ഓൺലൈനിൽ നടത്താൻ മന്ത്രി നിർദ്ദേശിച്ചു. കരകുളം പാലം പുനർനിർമാണവും ഫ്‌ളൈഓവർ നിർമാണവും ഈ മാസം അവസാനത്തോടെ ആരംഭിക്കണമെന്ന് മന്ത്രി പറഞ്ഞു. നെടുമങ്ങാട്  അരുവിക്കര വെള്ളനാട് റോഡിൽ നെടുമങ്ങാടു മുതൽ അരുവിക്കര വരെയുള്ള റോഡ് നിർമാണത്തിന് സ്ഥല പരിശോധനയ്ക്കായി കിഫ്ബി എക്‌സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്താൻ മന്ത്രി നിർദ്ദേശിച്ചു. നെടുമങ്ങാട് ഗവ. കോളേജിന്റെ ഹോസ്റ്റൽ ബ്‌ളോക്ക് കെട്ടിടം പണി പൂർത്തിയാക്കി ഒരു മാസത്തിനകം കോളേജിന് കൈമാറാനും നാലു നിലകളുള്ള അക്കാഡമിക് ബ്‌ളോക്കിന്റെ നിർമാണം വേഗം പൂർത്തിയാക്കാനും നടപടി സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.
കിഫ്ബി സി. ഇ. ഒ കെ. എം. എബ്രഹാം, ജനറൽ മാനേജർ ഷൈല, അഡീഷണൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യജിത്ത് രാജൻ, പ്രോജക്ട് ഡയറക്ടർ ഡാർലിൻ ഡിക്രൂസ്, സൗത്ത് ടീം ലീഡർ ഭാനു, ലാന്റ് അക്വിസിഷൻ തഹസിൽദാർ ഷിജ എന്നിവർ പങ്കെടുത്തു.