വനമേഖലയുടെ വ്യാപനത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനം ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. 33.33 ശതമാനം വനവത്കരണം എന്ന വിശാല ലക്ഷ്യത്തോടെയാണ് വനം വകുപ്പ് സാമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയത്.
എന്റെ മരം, വഴിയോര തണല്‍, നമ്മുടെ മരം, ഹരിതതീരം, ഹരിതകേരളം തുടങ്ങിയ പദ്ധതികളുടെ വിവിധ ഘട്ടങ്ങളിലായി 6.30 കോടി വൃക്ഷതൈകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ വിവരശേഖരണത്തിലൂടെ ഇവയില്‍ 2016-17ല്‍ 55.24 ശതമാനവും 2017-18ല്‍ 62.53 ശതമാനവും തൈകള്‍ സംരക്ഷിക്കപ്പെട്ടതായാണ് കണ്ടെത്തിയത്. പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ. രാജു പ്രകാശനം ചെയ്ത അതിജീവന റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഫലവൃക്ഷതൈകളാണ് കൂടുതലായി വിതരണം ചെയ്തതും സംരക്ഷിക്കപ്പെട്ടതും. 82.68 ശതമാനവുമായി പത്തനംതിട്ടയാണ് പരിപാലനത്തിലും സംരക്ഷണത്തിലും മുന്നില്‍. 51.12 ശതമാനമാണ് തൃശൂരില്‍ സംരക്ഷിക്കപ്പെട്ടത്. കൊല്ലത്ത് 54.60 ശതമാനം രേഖപ്പെടുത്തി.
തൈകളുടെ ഗുണനിലവാരം, ആവശ്യത്തിന് വെള്ളം ഇല്ലാത്ത നില, കാലാവസ്ഥ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പരിപാലന രീതി തുടങ്ങിയവ സംരക്ഷണത്തിന് തടസമായ ഘടകങ്ങളാണെന്ന് പഠനം വ്യക്തമാക്കുന്നു.
വനവത്കരണത്തിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധം, വിദ്യാര്‍ഥികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കല്‍, ഉപഭോഗ പ്രാധാന്യമുള്ള വൃക്ഷങ്ങളുടെ സാന്നിധ്യം ഉറപ്പാക്കല്‍, ഫലവൃക്ഷ വ്യാപനം, പരിസ്ഥിതിക്ക് ഇണങ്ങുന്ന തരം വൃക്ഷങ്ങളുടെ തെരഞ്ഞെടുപ്പ്, വനവത്കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലനം, ഗുണനിലവാരമുള്ള തൈകളുടെ വിതരണം, കുടുംബശ്രീ പ്രവര്‍ത്തകരുടെ പങ്കാളിത്ത വര്‍ധന, ഹരിത കേരളം പോലെയുള്ള വലിയ പദ്ധതികളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം തുടങ്ങിയവയാണ് നട്ടു പിടിപ്പിക്കുന്ന തൈകള്‍ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളായി പഠനസംഘം ശുപാര്‍ശ ചെയ്യുന്നത്.
എല്ലാ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോളജുകള്‍ പഠനത്തില്‍ പങ്കെടുത്തു. ഇരുപത് കോളജുകളിലെ സ്റ്റാറ്റിറ്റിക്‌സ്, ഗണിതശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളാണ് സര്‍വെ നടത്തിയത്. ചോദ്യാവലിയുടെ സഹായത്താല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് വനം വകുപ്പിന് കൈമാറുകയായിരുന്നു. ആലപ്പുഴ എസ്.ഡി കോളജിലെ ലളിത ആര്‍. പിള്ളയാണ് റിപ്പോര്‍ട്ട് ക്രോഡീകരിച്ചത്.