ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വയലാർ ഗ്രാമപഞ്ചായത്തിൽ ഗൃഹവാസ പരിചരണ കേന്ദ്രം (ഡി.സി.സി.) തുറന്നു. പഞ്ചായത്തിലെ ചെറുകിട വ്യവസായ പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം എ. എം ആരിഫ് എംപി നിർവഹിച്ചു.
30 കിടക്കകളാണ് ഇവിടെയുള്ളത്. രണ്ട് നഴ്‌സുമാരുടെ മുഴുവൻ സമയ സേവനവും ഉണ്ടാകും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണിത്. ടെലിമെഡിസിൻ സംവിധാനത്തിലൂടെ ഡോക്ടറുടെ സേവനവും സജ്ജമാക്കിയിട്ടുണ്ട്. ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ എത്തുന്നവർക്കാവശ്യമായ ഭക്ഷണവും മറ്റു സേവനങ്ങളും സന്നദ്ധ പ്രവർത്തകർ വഴി പഞ്ചായത്ത് നൽകും.
ജില്ലാ പഞ്ചായത്ത് അംഗം എൻ. എസ് ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ, വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപിനാഥൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.