കോഴിക്കോട്‌: ആറുമാസത്തിനകം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.  ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ അധ്യയന വര്‍ഷാരംഭത്തിന്റെ മുന്നോടിയായി നടന്ന ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തിലാണ് തീരുമാനം. പി.ടി.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്ന് പദ്ധതി യാഥാര്‍ത്ഥ്യമാക്കും.
വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി പരിഗണിച്ച് ബയോഗ്യാസ് പ്ലാന്റുകളുടെ ശേഷി നിശ്ചയിക്കാനും തീരുമാനിച്ചു. ആഗസ്റ്റ് ആദ്യവാരം ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ റിവ്യു നടത്തും. ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണം ഉറപ്പുവരുത്തുന്നതിനും വിദ്യാലയങ്ങളുടെ സുരക്ഷ, പരിസര ശൂചിത്വം, കിണര്‍, കുടിവെളളം, ജലസംഭരണി പാചകപുര, സ്റ്റോര്‍ റൂം, അപകടാവസ്ഥയിലുളള കെട്ടിടങ്ങള്‍, വിദ്യാലയങ്ങള്‍ക്ക്  ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍, എന്നിവ പരിശോധിക്കുന്നതിനും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂളുക്കള്‍ സന്ദര്‍ശിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പ്രധാനാധ്യാപകരില്‍ നിന്ന് റിപ്പോര്‍ട്ട് തേടണം. ഇവ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ലഭ്യമാക്കി ക്രോഡീകരിക്കാനും തീരുമാനമായി. ഹരിതച്ചട്ടം വിദ്യാലയങ്ങളില്‍ നടപ്പാക്കണം, ഫിറ്റ്‌നസില്ലാത്ത വിദ്യാലയങ്ങളെകുറിച്ച് കലക്ടറേറ്റിലെ ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ അറിയിക്കണം.
കുറ്റിക്കാട്ടൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പാചക പുരയില്‍ നിന്നുളള മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.     കേന്ദ്രങ്ങളില്‍ ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കണമെന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിന് നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു. വിദ്യാലയങ്ങളില്‍ സ്ഥാപിച്ചിട്ടുളള വാട്ടര്‍ ടാങ്കുകളുടെ ശുചിത്വം ഉറപ്പാക്കണം. മുഴുവന്‍ കെട്ടിടങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ വിദ്യാലയങ്ങളിലും ആവശ്യത്തിന് ശൗചാലയങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇവ വൃത്തിയുളളതാണെന്നും ഉറപ്പാക്കും. അപകടാവസ്ഥയിലുളള കെട്ടിടങ്ങള്‍, അപകടാവസ്ഥയില്‍ സ്‌കൂള്‍  പരിസരത്തുളള മരങ്ങള്‍ എന്നിവയെക്കുറിച്ച് 1077 എന്ന ട്രോള്‍ഫ്രീ നമ്പറിലും വിവരമറിയിക്കാം.
യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ,കെ സുരേഷ്‌കുമാര്‍ സംസാരിച്ചു. ഡി.ഇ.ഒ മാര്‍, എ.ഇ.ഒ മാര്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമഗ്ര ശിക്ഷാ അഭിയാന്‍ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എ.കെ അബ്ദുള്‍ ഹക്കീം സംബന്ധിച്ചു.