ഇടുക്കി: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഡയറക്ടറായി സ്ഥലം മാറി പോകുന്ന ജില്ലാ കളക്ടര്‍ എച്ച് ദിനേശന് യാത്രയയപ്പ് നല്‍കി. ജില്ലയ്ക്ക് ഒരു മുതല്‍ക്കൂട്ട് ആയിരുന്നു കളക്ടര്‍. ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങള്‍ പോലും നിഷ്പ്രയാസം അദ്ദേഹത്തിന് നടപ്പിലാക്കാന്‍ സാധിച്ചു എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു പറഞ്ഞു. സാധാരണക്കാരന് ഏത് സമയത്തും സമീപിക്കാവുന്ന വ്യക്തിത്വമാണ് കളക്ടറുടേത്. പലരും പഠിക്കേണ്ട ഒരു പാഠപുസ്തകമാണിദ്ദേഹം.
ജില്ലയിലെ ഓരോ പ്രശ്നത്തിലും അദ്ദേഹം മുന്നില്‍ നിന്ന് നയിച്ചു. പ്രളയകാലത്തെ അദ്ദേഹത്തിന്റെ സമീപനം എടുത്തു പറയേണ്ട ഒന്നാണെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. മിക്ക ഓഫീസുകളുടെയും ജില്ലാ ഓഫീസുകള്‍ ജില്ലാ ആസ്ഥാനത്തേക്ക് മാറ്റാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്നു മറുപടി പ്രസംഗത്തില്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. ജില്ലാ ആസ്ഥാനത്തിന്റെ വികസനത്തിനാണ് മുന്‍തൂക്കം നല്‍കിയതെന്നും നാലഞ്ചു വര്‍ഷം കഴിയുമ്പോഴേക്കും അത് സാധ്യമാകുമെന്നും കളക്ടര്‍ പ്രത്യാശിച്ചു.
ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ബി. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.